ദില്ലി : പാക് ഭീകരതയ്‌ക്കെതിരായ നയത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിലേക്ക് നയിച്ച പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഇന്ത്യയുടെ നിലപാട് ലോകത്തെ അറിയിക്കുന്നതിനായി കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘം ഇന്ത്യയിൽ തിരിച്ചെത്തി. പനാമ, ഗയാന, കൊളംബിയ, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്‍റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം സന്ദർശനം നടത്തിയത്. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും താൻ തയ്യാറാക്കിയ റിപ്പോർട്ട് അദ്ദേഹത്തിന് സമർപ്പിക്കുമെന്നും തരൂർ പറഞ്ഞു.
“താനൊരു ഭാരതീയനായി, ഭാരതത്തിന് വേണ്ടി സംസാരിക്കാൻ പോയി. അതായിരുന്നു എന്റെ കടമ. അത് പൂർത്തിയാക്കിയെന്നാണ് തന്റെ വിശ്വാസം. ബാക്കിയെല്ലാം പിന്നെ, സമയം വരുമ്പോൾ സംസാരിക്കാം”- തരൂർ പറഞ്ഞു
ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥതവഹിച്ചെന്ന അമേരിക്കയുടെ വാദത്തെക്കുറിച്ചുള്ള ചോദ്യത്തിനും തരൂർ മറുപടിനൽകി. സ്കൂൾ കുട്ടികളുടെ വഴക്ക് പ്രിൻസിപ്പൽ ഇടപെട്ട് നിർത്തുന്നതുപോലെയല്ല ഇത്. പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചാൽ ഇന്ത്യയും നിർത്തുമെന്ന് അറിയിച്ചിരുന്നു. അത് പാകിസ്ഥാനെ അമേരിക്ക അറിയിച്ചിട്ടുണ്ടെങ്കിൽ അഭിനന്ദനീയമെന്നും തരൂർ പറഞ്ഞു.

