നയ്റോബി : വടക്ക്-കിഴക്കൻ കെനിയയിൽ നക്കൂറു പ്രവശ്യയിലുണ്ടായ ബസപകടത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉച്ചയോടെ നടന്ന അപകടത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. പാലക്കാട് മണ്ണൂർ സ്വദേശികളായ റിയ (41), മകൾ ഡെയ്റ (ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, ജസ്ന കുറ്റിക്കാട്ടുചാലിൽ (29), റൂഫി മെഹ്റിൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നിലഗുരുതരമെന്ന് വിവരം.
ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിനിരയായത്. റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവരിൽ 14 പേർ മലയാളികളെന്നാണ് സൂചന. ഈദ് അവധിയോടനുബന്ധിച്ചാണ് സംഘം വിനോദ സഞ്ചാരത്തിനായി കെനിയയിൽ എത്തിയത്. വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമായതാണ് അപകടകാരണമെന്നും പലതവണ ബസ് തകിടംമറിഞ്ഞെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

