Sunday, May 19, 2024
spot_img

പ്രധാനമന്ത്രിയെ വിമർശിച്ച് പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്‌ക്കരിച്ച കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂരിന്റെ ട്വീറ്റ്; ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണം; ഉത്തരം മുട്ടി ഹൈക്കമാൻഡ്

ദില്ലി : ഇന്ന് നടന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിൽ നിന്ന് വിട്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പരസ്യ പ്രസ്താവന.പാർട്ടി നിലപാടിന് വിരുദ്ധമായി സംസാരിച്ച തരൂരിനെ കോൺഗ്രസ് താക്കീത് ചെയ്‌തേയ്ക്കും എന്നാണ് വിവരം. പാർട്ടിയിലെ പടല പിണക്കത്തിലേക്കും നടപടികൾ കൊണ്ട് ചെന്നെത്തിക്കുമോ എന്നാണ് പ്രവർത്തകരുടെ ആശങ്ക.

ചെങ്കോലിന്റെ കാര്യത്തിൽ സർക്കാരും പ്രതിപക്ഷവും ഉയർത്തുന്ന വാദങ്ങളിൽ കഴമ്പുണ്ടെന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ ശ്രമിച്ച തരൂർ ഒടുവിൽ അനുകൂല നിലപാടിലേക്കു നീങ്ങിയിരിക്കുകയാണ്. അന്നത്തെ ഗവർണർ ജനറലായിരുന്ന രാജഗോപാലാചാരിയുടെ നിർബന്ധപ്രകാരം തമിഴ്‌നാട്ടിൽ നിന്നുള്ള ശൈവ സന്ന്യാസിമാരാണ് നെഹ്റുവിനു ചെങ്കോൽ കൈമാറുന്നത്.

പാവനമായ പരമാധികാരത്തിന്റെയും ധർമ സംസ്ഥാപനത്തിന്റെയും തുടർച്ചയുടെ പ്രതീകം എന്ന നിലയിൽ ചെങ്കോലിനെ കാണുന്ന സർക്കാർ നിലപാട് ശരിയാണെന്നും തരൂർ ട്വീറ്റ് ചെയ്തു. ദൈവികമായ പിന്തുടർച്ചയായല്ല, ജനങ്ങളുടെ പേരിലാണ് ഭരണഘടന സ്വീകരിക്കപ്പെട്ടതെന്നും, പരമാധികാരം ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും അത് പാർലമെന്റിലാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്നും രാജകീയ വിശേഷാധികാരം കൽപ്പിക്കുന്നതു ശരിയല്ലെന്നുമുള്ള പ്രതിപക്ഷ വാദവും യുക്തിസഹമാണെന്നും .ഭൂതകാലത്തിന്റെ പ്രതീകമെന്ന നിലയിൽ ചെങ്കോലിനെ സ്വീകരിക്കണമെന്നും തരൂർ വ്യക്തമാക്കുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ചെങ്കോലിന്റെ ചരിത്രം ഇങ്ങനെ:

”അധികാര കൈമാറ്റത്തിന്റെ സമയം വന്നപ്പോൾ, വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു മുൻ പ്രധാനമന്ത്രി നെഹ്‌റുവിനോട് ഇന്ത്യൻ പാരമ്പര്യമനുസരിച്ച് രാജ്യത്തിന് അധികാരം കൈമാറുന്നതിന്റെ പ്രതീകം എന്തായിരിക്കണം എന്ന് ചോദിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ചരിത്ര പണ്ഡിതനുമായ സി രാജഗോപാലാചാരിയുമായി നെഹ്‌റു ഈ വിഷയം ചർച്ച ചെയ്തു. തീവ്രമായ ചരിത്ര ഗവേഷണത്തിന് ശേഷം അദ്ദേഹം (രാജഗോപാലാചാരി) പറഞ്ഞു, ഇന്ത്യൻ പാരമ്പര്യമനുസരിച്ച്, ‘ചെങ്കോൽ ‘ ചരിത്രപരമായ കൈമാറ്റത്തിന്റെ പ്രതീകമായി അടയാളപ്പെടുത്തിയിരിക്കുന്നു,

1947 ഓഗസ്റ്റ് 14-ന് അധികാര കൈമാറ്റം നടക്കുമ്പോൾ, 1947 ഓഗസ്റ്റ് 14-ന് തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് പേരെ പ്രത്യേകം വിമാനത്തിൽ എത്തിച്ചിരുന്നു – അധീനത്തിലെ ഉപ മഹാപുരോഹിതൻ, നാദസ്വരം വിദ്വാൻ രാജരത്തിനം പിള്ള, ഓടുവർ (ഗായകൻ) -പിന്നെ ചെങ്കോലും.

പൂജാരിമാർ ചടങ്ങുകൾ നടത്തി. അവർ മൗണ്ട് ബാറ്റൺ പ്രഭുവിന് ചെങ്കോൽ നൽകി തിരികെ വാങ്ങി. ചെങ്കോൽ വിശുദ്ധഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിച്ചു. തുടർന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയി അദ്ദേഹത്തിന് കൈമാറി.

ഇക്കാലമത്രയും ഈ ചെങ്കോൽ അലഹാബാദിലെ മ്യൂസിയത്തിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ജവാഹർ ലാൽ നെഹ്രുവിനു ലഭിച്ച ഊന്നുവടി എന്നായിരുന്നു ചെങ്കോലിന് മുന്നിലെ ബോർഡിൽ രേഖപ്പെടുത്തിയിരുന്നത് . ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഈ ചെങ്കോലും അത് പ്രതീകമാക്കി വെച്ച അധികാര കൈമാറ്റവും അവഗണിക്കപ്പെട്ടു. ചരിത്രം മറന്ന് തുടങ്ങിയ ചെങ്കോലിനെ മ്യൂസിയത്തിൽ നിന്ന് വീണ്ടെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലിമെന്റിൽ ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിക്കുന്നു.

Related Articles

Latest Articles