തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അര്‍ജുനടക്കമുള്ളവരെ തേടിയുള്ള ദൗത്യത്തിനായി കൂറ്റൻ ഡ്രഡ്ജർ എത്തിക്കും. ഇന്ന് അങ്കോലയിൽ ചേർന്ന ഉന്നത സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഗോവയിൽ നിന്ന് ജലമാർഗമാകും കൂറ്റൻ ഡ്രഡ്ജർ എത്തിക്കുക. തിങ്കളാഴ്ചയോടെ ഡ്രഡ്ജർ ഗംഗാവലിയിൽ എത്തിക്കാനാകും എന്നാണ് കരുതുന്നത്. 50 ലക്ഷം രൂപയാണ് ഇതിന് ചെലവ് വരുക. കൂറ്റൻ മരങ്ങളും കല്ലുകളും അടിഞ്ഞു കൂടി കിടക്കുന്നതിനാൽ തെരച്ചിൽ ബുദ്ധിമുട്ടാണെന്ന് നീന്തൽ വിദഗ്ദർ നേരത്തെ അറിയിച്ചിരുന്നു. ഇവ നീക്കം ചെയ്താലേ വ്യക്തമായ തെരച്ചിൽ നടത്താൻ സാധിക്കൂ.
അതേസമയം നേവിയുടെ ഡൈവർമാർ നടത്തിയ തെരച്ചിലിൽ അർജുന്റെ ലോറിയിൽ തടി കെട്ടാൻ ഉപയോഗിച്ചിരുന്ന കയർ കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയുടേത് തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

