Friday, May 3, 2024
spot_img

പണം കൈപ്പറ്റിയത് ഭൂമിയിടപാടിന്റെ അഡ്വാൻസായിട്ട് !ദല്ലാൾ ന്ദകുമാറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ശോഭാ സുരേന്ദ്രൻ; ആരോപണം ആലപ്പുഴയിൽ ഞാൻ ജയിക്കുമെന്നത് മുന്നിൽ കണ്ടാണെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ

പത്തുലക്ഷം രൂപ കൈപറ്റിയെന്ന ടി.ജി.നന്ദകുമാറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയും ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ. തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചപ്പോൾ ഇത് സമ്മതിച്ചു വെന്നും ഈ ഭൂമിയിടപാടിന്റെ അഡ്വാൻസായാണ് തുക വാങ്ങിയതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താൻ അഡ്വാൻസ് തുക തിരികെ നൽകാത്തതെന്നും അവർ കൂട്ടിച്ചേർത്തു.

‘‘നന്ദകുമാറിനോട് ഒരിക്കൽ സ്ഥലം വില്പനയെ കുറിച്ച് സംസാരിച്ചപ്പോൾ വില്പന നടത്താൻ തയ്യാറാണെന്നു നന്ദകുമാർ അറിയിച്ചു. അഡ്വാൻസായി കാറിൽനിന്ന് അയാൾ പത്തുലക്ഷം രൂപ അടങ്ങിയ പൊതിയുമായി വന്നു. എന്നാൽ പണം അക്കൗണ്ടിലൂടെ കൈമാറാൻ ആവശ്യപ്പെട്ടതു താനാണ്. ആ പണം മറ്റെന്തെങ്കിലും കാര്യത്തിനു വാങ്ങിയതാണെങ്കിൽ എന്താണ് അയാൾ തനിക്കെതിരെ കേസ് കൊടുക്കാത്തത്. ശോഭ ചോദിച്ചു. എന്റെ സ്ഥലം വാങ്ങാമെന്നു നന്ദകുമാര്‍ പറഞ്ഞു. അഡ്വാന്‍സായാണ് 10 ലക്ഷം വാങ്ങിയത്. പക്ഷേ, റജിസ്റ്റര്‍ ചെയ്തില്ല. ഭൂമി എഴുതിവാങ്ങാന്‍ നന്ദകുമാര്‍ തയ്യാറായില്ല. ഭൂമി അല്ലാതെ പണം നല്‍കാന്‍ ഞാന്‍ തയ്യാറല്ല.

പിണറായി വിജയനോളം തലപ്പൊക്കമുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ കണ്ണൂരിലെ നേതാവിനെ ഭാരതീയ ജനതാ പാർട്ടിയിൽ ചേർക്കാനായി ബിജെപിയുടെ നാഷനൽ കമ്മിറ്റി ഓഫിസിൽ നിരങ്ങിയ ആളാണ് നന്ദകുമാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുതിയ അംഗങ്ങളെ ബിജെപിയിൽ ചേർക്കുന്നതിനുള്ള ചുമതല എനിക്കാണെന്നു ദില്ലിയിൽ നിന്ന് മനസ്സിലാക്കിയാണ് നന്ദകുമാർ എന്നെ ബന്ധപ്പെട്ടത്. ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്ന വ്യക്തിയെ നന്ദകുമാറിന്റെ വീട്ടിൽ വച്ച് കണ്ടിരുന്നു. എന്നാൽ നേരിട്ടു സംസാരിക്കാൻ തയാറായില്ല. അങ്ങനെയല്ല നേരിട്ടു തന്നെ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു.

നേതാവിനെ ബിജെപിയിലെത്തിക്കുന്ന കാര്യം ദില്ലിയിൽ വച്ച് ചർച്ച ചെയ്തപ്പോൾ നന്ദകുമാർ കമ്മിഷനായി വൻതുക ആവശ്യപ്പെട്ടു. ബിജെപിയിലേക്ക് ആളെ കൊണ്ടുവരുന്നത് നന്ദകുമാറിനെപ്പോലുള്ളവർക്ക് കോടിക്കണക്കിനു രൂപ കൊടുത്തിട്ടല്ല. പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും നല്ലവനാണെങ്കിൽ ബിജെപി സ്വീകരിക്കും. എന്നാൽ അതിനുമുൻപ് നേതാവിന്റെ ചരിത്രം പഠിക്കും. അതിനുശേഷം മാത്രമേ അംഗത്വം ബിജെപി നൽകൂ. ഏതു നേതാവിനെയാണു ബിജെപിയിലേക്കു കൊണ്ടുവരാൻ ശ്രമിച്ചതെന്നു മാദ്ധ്യമങ്ങൾക്കു മുന്നിൽ തുറന്നുപറയാൻ നന്ദകുമാർ തയ്യാറാകണം.

തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം. അതുകഴിഞ്ഞ് എന്തിനാണു ദില്ലിയിലേക്ക് വന്നത്. അവിടെ വച്ച് നേതാവ് പാർട്ടിയെ പിളർക്കുമെന്നായപ്പോൾ നന്ദകുമാറിന്റെ കാൽ തല്ലിയൊടിക്കുമെന്ന് കണ്ണൂരിലെ പിണറായി വിജയന്റെ ലോബി പറഞ്ഞിട്ടല്ലേ നന്ദകുമാർ ശ്രമം പാതിവച്ച് അവസാനിപ്പിച്ചത്. തന്നെയുമല്ല അയാൾ കോടിക്കണക്കിന് രൂപ ചോദിച്ചു’’ – ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles