Saturday, May 4, 2024
spot_img

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ശോഭന ! സജീവ രാഷ്ട്രീയത്തിലേക്കുള്ള സാധ്യത തള്ളാതെ നടി

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടിയും നര്‍ത്തകിയുമായ ശോഭന പങ്കെടുക്കും. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖർ നടത്തിയ വാർത്താസമ്മേളനത്തിൽ ശോഭന പങ്കെടുത്തു. ഇന്ന് വൈകുന്നേരം നെയ്യാറ്റികരയില്‍ നടക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിലും ശോഭന പങ്കെടുക്കും. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലും ശോഭനയെത്തും.

” ഇത്തവണത്തെ വിഷു പ്രത്യേകതകൾ നിറഞ്ഞതാണ്. വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ വിഷുവിന് എത്തുന്നത്. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖറിന് എല്ലാ പിന്തുണയും നൽകുന്നു. അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നു.” – ശോഭന പറഞ്ഞു

ശോഭന നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ശോഭന എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന താരം. രാജ്യത്ത് പുരോഗതി വേണം, മാറ്റം വേണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

“തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുരോഗതിയെയും വികസനത്തെയും പറ്റിയാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ ഇവിടെ ഒരു മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. എല്ലാവരും നാടിൻ്റെ വികസനമാണ് ആവശ്യപ്പെടുന്നത്. സമൂഹത്തിന് പ്രചോദനമാകുന്ന, മികച്ച അഭിനേത്രിയായ ശോഭനയെ പോലുള്ളവർ അതിനെ പിന്തുണക്കുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടാകുന്നു. വിവിധ മേഖലകളിൽ ഉള്ളവർ നൽകുന്ന പിന്തുണ കഴിഞ്ഞ പത്തു വർഷത്തെ നരേന്ദ്ര മോദി സർക്കാരിൻ്റെ വികസനത്തിൻ്റെയും പുരോഗതിയുടെയും മാറ്റത്തിൻ്റെ അടയാളപ്പെടുത്തലാണ്. “- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

ശോഭനയ്ക്ക് അദ്ദേഹം വിഷു കൈനീട്ടം നല്‍കി. അതേസമയം സജീവ രാഷ്ട്രീയത്തിലേക്കുള്ള സാധ്യത നടി തള്ളിക്കളഞ്ഞില്ല. സജീവ രാഷ്ട്രീയത്തിലേക്ക് ഉണ്ടോയെന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെയെന്നായിരുന്നു നടിയുടെ മറുപടി. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെ. ഇപ്പോള്‍ നടി മാത്രമാണ്. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പ്രതികരിച്ചു. വാർത്താ സമ്മേളനത്തിൽ ബിജെപി ജില്ല പ്രസിഡൻ്റ് വി.വി. രാജേഷും പങ്കെടുത്തു.

Related Articles

Latest Articles