Tuesday, May 14, 2024
spot_img

നടിയെ ആക്രമിച്ചെന്ന കേസ്; ഷോൺ ജോർജിന്റെ വീട്ടിൽ അപ്രതീക്ഷിത ക്രൈംബ്രാഞ്ച് റെയ്ഡ്; നടപടി വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കിയെന്ന കേസ്സിൽ

എറണാകുളം: നടിയെ ആക്രമിച്ചെന്ന കേസിൽ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കേസിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിച്ചു എന്ന കേസുമായി ബന്ധപെട്ടാണ് റെയ്ഡ്. വ്യാജ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഷോൺ ജോർജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഇന്ന് രാവിലെ എട്ടരയോടെയാണ് പുഞ്ഞാറിലെ പി.സി ജോർജിന്റെ കുടുംബവീട്ടിൽ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടൻ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.അപ്രതീക്ഷിത നീക്കമാണ് ക്രൈം ബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വധഗൂഢാലോചന കേസിന്റെ അന്വേഷണത്തിനിടെ ദിലീപിന്റെ സഹോദരന്റെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകൾ കണ്ടെടുത്തിരുന്നു.

ആദ്യഘട്ടത്തിൽ കേസിന്റെ വഴി തിരിച്ചുവിടാൻ ദിലീപിന്റെ അനിയൻ അനൂപിന് ഒരു സ്‌ക്രീൻഷോട്ട് അയച്ചുകൊടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. ഡിജിപി ബി സന്ധ്യ, മഞ്ജു വാര്യർ തുടങ്ങിയവരുടെ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. വ്യാജ നമ്പറുകൾ വെച്ച് ദിലീപിനെ പൂട്ടിക്കണം എന്നപേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇതിൽ വിവിധ തരത്തിൽ ചാറ്റുകൾ നടത്തുകയുമുണ്ടായി. വ്യാജ തെളിവ് ഉണ്ടാക്കാൻ വേണ്ടി ചാറ്റ് നടത്തിയതായും ക്രൈം ബ്രാഞ്ച് സംശയിക്കുന്നു. ദിലീപിനെ എല്ലാവരും ചേർന്ന് കുടുക്കുകയായിരുന്നു എന്ന് വരുത്തിത്തീർക്കാനാണ് ശ്രമം നടന്നത് എന്ന വിവരവും ഉണ്ട്.

Related Articles

Latest Articles