തിരുവനന്തപുരം : വഞ്ചിയൂരിൽ യുവതിയെ വീട്ടില്‍ക്കയറി വെടിവെച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ഡോ. ദീപ്തിയെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ടാം ദിനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് തിരുവനന്തപുരം ചെമ്പകശ്ശേരി പങ്കജില്‍ ഷിനി(40)ക്ക് വെടിയേറ്റത്. കൊറിയര്‍ നല്‍കാനുണ്ട് എന്ന വ്യാജേനെ എത്തിയാണ് ദീപ്തി ഷിനിയെ ആക്രമിച്ചത്. കൊറിയർ കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെടുകയും ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോൾ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. കൈ കൊണ്ട് പെട്ടെന്ന് പ്രതിരോധിക്കാൻ ശ്രമിച്ചതിനാല്‍ ഷിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. കേന്ദ്രസര്‍ക്കാരിന്റെ എന്‍ആര്‍എച്ച്എംജീവനക്കാരിയാണ് ഷിനി. ആര്‍ക്കും തന്നോട് വ്യക്തിവൈരാഗ്യമില്ലെന്നും തനിക്ക് ശത്രുക്കളില്ലെന്നുമാണ് ഷിനി പോലീസിന് നല്‍കിയ മൊഴി
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ദീപ്തി ഉപയോഗിച്ചത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച സിൽവർ നിറത്തിലുള്ള സെലേറിയോ കാറായിരുന്നു. കൃത്യത്തിന് ശേഷം ഈഞ്ചയ്ക്കല്‍ വഴി ബൈപ്പാസിലെത്തി അവിടെനിന്ന് കഴക്കൂട്ടം ഭാഗത്തേക്കാണ് കാര്‍ പോയതെന്നും അന്വേഷണത്തിൽ വ്യക്തമായി. ആറ്റിങ്ങല്‍ ഭാഗത്തുനിന്നാണ് ഈ കാര്‍ തിരുവനന്തപുരം നഗരത്തിലേക്ക് വന്നതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തിയിരുന്നു. അക്രമത്തിന് കാരണമെന്തെന്ന കാര്യത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത കൈവരും.

