Saturday, December 20, 2025

സിദ്ധാർത്ഥിന്റെ മരണം; പ്രതികളെ അനുഗമിച്ച സിപിഎം നേതാവിനെ ശകാരിച്ച് മജിസ്‌ട്രേറ്റ്; മുറിയിൽ നിന്നും ഇറക്കിവിട്ടു!

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ് എഫ് ഐ ആക്രമണത്തിന് പിന്നാലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് മരിച്ച കേസുമായി ബന്ധപ്പെട്ട പ്രതികളെ അനുഗമിച്ച സിപിഎം നേതാവിനെ ശകാരിച്ച് മജിസ്‌ട്രേറ്റ്. മുറിയിൽ നിന്നും ഇറക്കിവിട്ടു. എസ്എഫ്‌ഐക്കാരായ ആറ് പ്രതികളെ ഹാജരാക്കുന്നതിനിടെയായിരുന്നു സംഭവം.

ബുധനാഴ്ചയായിരുന്നു വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുൻപാകെ പ്രതികളെ ഹാജരാക്കിയത്. മജിസ്‌ട്രേറ്റുള്ള സ്ഥലത്തേക്ക് അന്വേഷണ സംഘം പ്രതികളെ എത്തിക്കുകയായിരുന്നു. ഇവർക്കൊപ്പം മുതിർന്ന സിപിഎം നേതാവും ഉണ്ടായിരുന്നു.

പ്രതികളെ മുറിയിലേക്ക് കയറ്റുന്നതിനിടെ സിപിഎം നേതാവിനെ കോടതി ജീവനക്കാർ തടഞ്ഞു. എന്നാൽ ഇയാൾ ജീവനക്കാരോട് കയർക്കുകയായിരുന്നു. തന്നെ തടയാൻ നിങ്ങളാരാണ് എന്ന് ഇയാൾ കോടതി ജീവനക്കാരോട് ആക്രോശിച്ചു. ഇതിനിടെ പോലീസ് ഇടപെട്ടെങ്കിലും പ്രതികളെ അനുഗമിക്കണമെന്ന് ഇയാൾ നിർബന്ധം പിടിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയത് വളരെ വൈകിയെന്ന് പറയാൻ വേണ്ടിയാണ് മജിസ്‌ട്രേറ്റിന് അടുത്തേക്ക് സിപിഎം നേതാവ് കയറിപ്പോയത്.

എന്നാൽ സിപിഎം നേതാവിനെ കണ്ട മജിസ്‌ട്രേറ്റ് ശകാരിക്കുകയായിരുന്നു. തുടർന്ന് മുറിയിൽ നിന്നും ഇറങ്ങി പോകാനും നിർദ്ദേശിച്ചു. ഇതോടെ സിപിഎം നേതാവ് മുറിയിൽ നിന്നും പുറത്ത് ഇറങ്ങി പോയി. പ്രതികളെ കോടതിയിൽ എത്തിക്കുമ്പോൾ ഒപ്പം രണ്ട് സിപിഎം നേതാക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരാളാണ് മജിസ്‌ട്രേറ്റിന്റെ മുൻപിലേക്ക് പ്രതികളെ അനുഗമിച്ചത്.

Related Articles

Latest Articles