Sunday, May 19, 2024
spot_img

സിദ്ധാർത്ഥന്റെ മരണം ! മൂന്ന് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി; കേസിൽ ഇനിയും പിടികൂടാനുള്ളത് 8 പേരെ

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വിദ്യാർത്ഥികൾ നടത്തിയ മൃഗീയമായ പരസ്യവിചാരണയെത്തുടര്‍ന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി കൽപറ്റ ഡിവൈഎസ്‌പി ഓഫീസിലാണ് ഇവർ കീഴടങ്ങിയത്. വെറ്ററിനറി കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാർത്ഥി പ്രതിനിധി കൂടിയാണ് അറസ്റ്റിലായ അരുൺ ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണം പത്തായി. കേസിൽ ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.

ബിവിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിസിദ്ധാർത്ഥനെ (21) ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നും മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നുമാണ് ആരോപണം. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പല വിവരങ്ങളും ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തില്‍ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകൾ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തില്‍, തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ട്. സിദ്ധാര്‍ഥനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നാണ് കുടംബത്തിന്റെ ആരോപണം.

ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

Latest Articles