സഹർസ: മകന് ജാമ്യേപേക്ഷ തേടി പോലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്ക് നേരിടേണ്ടി വന്നത് ദുരവസ്ഥ. പൊലീസ് സ്റ്റേഷനിൽ വെച്ച് പരാതിയുമായി എത്തിയ യുവതിയെ കൊണ്ട് പോലീസുകാരൻ മസാജ് ചെയ്യുപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോ പുറത്തുവന്നതോടെ, ശശിഭൂഷൺ സിൻഹ എന്ന ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ബീഹാറിലെ സഹർസയിലെ പോലീസ് സ്റ്റേഷനിലാണ് സംഭവം. സഹർസയിലെ നൗഹട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ദർഹാർ ഒപിയിലാണ് ശശിഭൂഷൺ സിൻഹയെ നിയമിച്ചിരുന്നത്.
3 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നത്. പൊലീസ് സ്റ്റേഷനിൽ നഗ്നമായി ഇരിക്കുന്ന ശശിഭൂഷൺ സിൻഹയെ ഒരു സ്ത്രീ മസാജ് ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാവുന്നതാണ്. മകനെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സ്റ്റേഷനിലെത്തിയതായിരുന്നു യുവതിയെന്നാണ് റിപ്പോർട്ടുകളിലുള്ളത്. മകനെ വിട്ടയക്കണമെങ്കിൽ താൻ പറയുന്നത് അനുസരിക്കണമെന്ന് പറഞ്ഞ്, ശശിഭൂഷൺ സിൻഹ യുവതിയോട് തനിക്ക് മസാജ് ചെയ്ത് തരാൻ ആവശ്യപ്പെടുകയായിരുന്നു.
സിൻഹയുടെ ആവശ്യപ്രകാരം യുവതി ഇയാൾക്ക് മസാജ് ചെയ്തു കൊടുത്തു. യുവതി മസാജ് ചെയ്യുന്നത് തുടർന്നപ്പോൾ ശശിഭൂഷൺ സിൻഹ ഒരു അഭിഭാഷകനെ വിളിച്ച് ഇവരുടെ മകനെ ജാമ്യത്തിൽ വിടാൻ ആവശ്യപ്പെട്ടു.
‘ആ സ്ത്രീ ദരിദ്രയുമാണ്. ഞാൻ എത്ര പണം അയയ്ക്കണം? ഞങ്ങൾ അത് ഒരു കവറിൽ അയച്ചുതരാം. രണ്ട് സ്ത്രീകൾ അവരുടെ ആധാർ കാർഡുമായി നിങ്ങളുടെ അടുക്കൽ വരും. അവരെ ഞാനാണ് നിങ്ങളുടെ അടുക്കലേക്ക് തിങ്കളാഴ്ച അയക്കുന്നത്. പപ്പു, ബാബു ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഞാൻ ഇതിനകം 10,000 രൂപ ചെലവഴിച്ചു’, ശശിഭൂഷൺ സിൻഹ അഭിഭാഷകനോട് ഫോണിൽ പറഞ്ഞു. അതിനിടെ ശശിഭൂഷൺ സിൻഹയുടെ മുന്നിൽ വച്ചിരുന്ന കസേരയിൽ മറ്റൊരു സ്ത്രീ ഇരിക്കുന്നതും കാണാം.
വീഡിയോ വൈറലായതോടെ സഹർസ എസ്പി ലിപി സിംഗ് ശശിഭൂഷൻ സിൻഹയെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

