ലക്നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന ജനസംഖ്യ നിയന്ത്രണ ബില്ലിനെ സ്വാഗതം ചെയ്ത് ശിവസേന. ഈ നീക്കം നടത്തിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കണമെന്ന് പാര്‍ട്ടി മുഖപത്രമായ ‘സാമന’യില്‍ എഴുതിയ പ്രതിവാര കോളത്തില്‍ സഞ്ജയ് റാവത്ത് വ്യക്തമാക്കി. പക്ഷെ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ബില്‍ ഉടന്‍ അവതരിപ്പിക്കരുതെന്നും റാവത്ത് കൂട്ടിച്ചേർത്തു. ബിഹാറിലെ സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിക്കണമെന്നും ബില്ലിനോടുള്ള നിതീഷ് കുമാറിന്റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
അതേസമയം മഹാവികാസ് അഘാടിയിലെ അസ്വാരസ്യങ്ങള്‍ പരസ്യമായതോടെ സേന ബിജെപിയോട് അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ ഈ പരാമര്‍ശങ്ങള്‍. അമിതമായ ജനസംഖ്യമൂലം ഉത്തര്‍പ്രദേശിലും ബിഹാറിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഉപജീവനത്തിനായി ആളുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റം നടത്തേണ്ടിവരുന്നുവെന്നും റാവത്ത് എഴുതി. രണ്ടു സംസ്ഥാനങ്ങളിലെയും ജനസംഖ്യ 15 കോടിക്ക് അടുത്താണ്. ജീവിക്കാന്‍ ഭൂരിപക്ഷം ജനങ്ങളും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നും റാവത്ത് അഭിപ്രായപ്പെട്ടു.
മുസ്ലിങ്ങളും മറ്റുളളവരും മതസ്വാതന്ത്ര്യം അനുഭവിച്ചപ്പോള്‍ മതേതരര്‍ ആകാന്‍ ഹിന്ദുക്കള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് 1947-ലെ വിഭജനം പരാമര്‍ശിച്ച് സഞ്ജയ് റാവത്ത് നിരീക്ഷിച്ചു. ‘ഈ ആളുകള്‍ ജനസംഖ്യ നിയന്ത്രണത്തിലും കുടുംബാസൂത്രണത്തിലും വിശ്വസിക്കുന്നില്ല. അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ധാരണ ഒന്നിലധികം ഭാര്യമാരും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതുമാണ്. രാജ്യത്തിന്റെ ജനസംഖ്യ തീര്‍ച്ചയായും കൂടിയിട്ടുണ്ടെങ്കിലും കൂടുതലും ജോലിയില്ലാത്തവരും വിദ്യാഭ്യാസമില്ലാത്തവരായും തുടരുന്നു’.-റാവത്ത് പറഞ്ഞു .
മാത്രമല്ല എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റംമൂലം അസമിലും ബംഗാളിലും ബിഹാറിലും ജനസംഖ്യാ കണക്കില്‍ മാറ്റം വന്നുവെന്നും ലേഖനത്തില്‍ സഞ്ജയ് റാവത്ത് പറയുന്നു. യുപിയുടെ കരട് ബില്ലിനെ പരീക്ഷണമായി കാണണം. നല്ലകാര്യങ്ങളെ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തില്‍ അളക്കരുതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

