കൊൽക്കത്ത: അദ്ധ്യാപക സമരത്തിന് നേരെ ഉണ്ടായ പോലീസ് അടിച്ചമർത്തലിനെതിരെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി . പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാരിന്റെ തെറ്റായ ഭരണവും അഴിമതിയും രാജ്യം നിരീക്ഷിക്കുകയാണെന്ന് അവർ പറഞ്ഞു. 2014ലെ ടി ഇ ടി പരീക്ഷയിൽ യോഗ്യത നേടിയെങ്കിലും മെറിറ്റ് ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ കുത്തിയിരുപ്പ് സമരം നടത്തിയ പ്രതിഷേധക്കാരെ അർദ്ധരാത്രിക്ക് ശേഷം പോലീസ് സംഘം നീക്കം ചെയ്യുകയിരുന്നു.
“എനിക്ക് ഒരു ചോദ്യമേയുള്ളൂ, അദ്ധ്യാപക നിയമന അഴിമതിയിൽ സമരം ചെയ്യുന്നവർക്കെതിരെ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നു. എന്നാൽ, പാർത്ഥ ചാറ്റർജി ഈ തട്ടിപ്പ് നടത്തിയപ്പോൾ എന്തുകൊണ്ട് നടപടിയുണ്ടായില്ല? ഈ വകുപ്പിലെ ഉദ്യോഗസ്ഥർ തെറ്റായ നടപടികളിൽ ഏർപ്പെട്ടപ്പോൾ എന്തുകൊണ്ടാണ് അവർക്കെതിരെ നടപടിയെടുക്കാത്തത്?” കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയായ സ്‌മൃതി ഇറാനി ചോദിച്ചു.
സിംഗൂരിൽ നിന്ന് ടാറ്റ മോട്ടോഴ്‌സിനെ തുരത്തിയത് താനല്ല, സിപിഐ(എം) ആണെന്ന മമത ബാനർജിയുടെ പ്രസ്‌താവനക്കെതിരെയും ഇറാനി ആഞ്ഞടിച്ചു. “ടാറ്റയെ പുറത്താക്കിയില്ലെന്ന് അവർ കള്ളം പറയുന്നതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. സിംഗൂരിലെ ഫാക്ടറി അടച്ചുപൂട്ടാൻ മമതാ ബാനർജി പിന്തുടർന്ന രാഷ്ട്രീയം ബംഗാളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പോലും അറിയാം ” കേന്ദ്രമന്ത്രി പറഞ്ഞു.

