Monday, December 22, 2025

‘കശ്മീരില്‍ ഹിതപരിശോധന വേണമെന്ന് ശോഭാ ഡേ എഴുതിയത് പാക് ആവശ്യപ്രകാരം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്

ഇസ്ലാമാബാദ്: പ്രമുഖ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ശോഭാ ഡേയെ പാകിസ്താന്‍ സ്വാധീനിച്ചാണ് കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ടുള്ള ലേഖനം എഴുതിച്ചതെന്ന ഗുരുതരമായ വെളിപ്പെടുത്തലുമായി ഇന്ത്യയിലെ മുന്‍ പാകിസ്താന്‍ ഹൈക്കമ്മീഷണറായ അബ്ദുള്‍ ബാസിത്. പാകിസ്ഥാനി ബ്ലോഗറായ ഫര്‍ഹാന്‍ വിര്‍കും ആയുള്ള അഭിമുഖത്തിലാണ് അബ്ദുള്‍ ബാസിത് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

‘നമുക്ക് വേണ്ടി (പാകിസ്ഥാനു വേണ്ടി) എഴുതാന്‍ ഒരു നല്ല ജേര്‍ണലിസ്റ്റിനെ എങ്ങനെ കിട്ടും എന്നതാണ് ഞാനനുഭവിച്ച ഏറ്റവും വലിയ ബുദ്ധിമുട്ട്. അവസാനം നമുക്ക് (പാകിസ്ഥാനു) ശോഭാ ഡേയെ ലഭിച്ചു…’ അബ്ദുള്‍ ബാസിത് പറഞ്ഞു.

‘ബുര്‍ഹാന്‍ വാനി മരിച്ചു. പക്ഷേ കാശ്മീരിനു വേണ്ടുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാവുന്നതുവരെ അവന്‍ ജീവിയ്ക്കും’ എന്നായിരുന്നു ശോഭാ ഡേയുടെ നാടകീയമായ ലേഖനത്തിന്‍റെ തലക്കെട്ട്. 2016ല്‍ ടൈംസ് ഓഫ് ഇന്ത്യയിലാണ് അവരീ ലേഖനം എഴുതിയത്.’…കാശ്മീര്‍ കവിതയാണ്, വിഷാദകവിതയാണ് അതിമനോഹരമാണ്..എന്തിനവിടെ മോശപ്പെട്ട രാഷ്ട്രീയം…’ എന്നൊക്കെയുള്ള സ്ഥിരം കാല്‍പ്പനിക വാചാടോപങ്ങളുടെ അവസാനമാണ് ‘കാശ്മീരില്‍ ഹിതപരിശോധന നടത്താന്‍ ഗവണ്മെന്‍റിനു കഴിവുണ്ടോ ധൈര്യമുണ്ടോ?’ എന്ന് ശോഭാ ഡേ ലേഖനത്തില്‍ ചോദിക്കുന്നത്.

ഇന്ത്യയിലെ ഇടത്, ലിബറല്‍ മാദ്ധ്യമങ്ങള്‍ എങ്ങനെയാണ് ഇന്ത്യയ്ക്കും അതിന്‍റെ ജനാധിപത്യത്തിനും സ്വയം നിര്‍ണ്ണയാവകാശത്തിനുമെതിരേ നിരന്തരം പ്രവര്‍ത്തിയ്ക്കുന്നതെന്നതിന് അതീവ നിര്‍ണ്ണായകമായ ഒരു തെളിവാണ് പാകിസ്ഥാന്‍ നയതന്ത്രജ്ഞനായ അബ്ദുള്‍ ബാസിത് പുറത്ത് വിട്ടത്.

കാലാകാലങ്ങളായി പാകിസ്ഥാന്റെ വാദമാണ് കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന്. ഈ വാദം കൃത്യമായി ഉന്നയിയ്ക്കാന്‍ ഇന്ത്യയ്ക്കുള്ളിലെത്തന്നെ ഒരു പ്രമുഖ സാംസ്‌കാരിക നായികയെ തന്നെ പാകിസ്ഥാന്‍ വാടകയ്‌ക്കെടുത്തു എന്നും അവരെക്കൊണ്ട് ഇന്ത്യയ്ക്കകത്തുനിന്ന് പ്രസിദ്ധീകരിയ്ക്കുന്ന പ്രമുഖ പത്രത്തില്‍ത്തന്നെ പാകിസ്ഥാനു വേണ്ടി ലേഖനം എഴുതിച്ചു എന്നതും പേടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലാണെന്നാണ് സുരക്ഷാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

അതും പാകിസ്ഥാന്‍റെ ഇന്ത്യയിലെ സ്ഥാനപതിയായിരുന്ന അതിപ്രധാനമായ സ്ഥാനത്തിരുന്ന ഒരു നയതന്ത്രജ്ഞന്‍ തന്നെ പരസ്യമായി ഇക്കാര്യം വിളിച്ചുപറയുമ്പോള്‍ അത് അവിശ്വസിയ്‌ക്കേണ്ട കാര്യമില്ല എന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറയുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐ എസ് ഭീകരര്‍ കയ്യേറിയ യസീദികളുടെ ആവാസസ്ഥാനത്ത് അവരെ മുഴുവന്‍ ഇന്ന് കൊന്നുകളയുകയോ അവിടെ നിന്ന് ഓടിയ്ക്കുകയോ ചെയ്തുകഴിഞ്ഞു. അവിടെ ഇനി ഇസ്ലാമികരാഷ്ട്രമാക്കണോ വേണ്ടയോ എന്ന് വെറുമൊരു ഹിതപരിശോധന നടത്തി തീരുമാനിയ്ക്കാനാകുമോ എന്നാണ് ശോഭാ ഡേയെപ്പോലെയുള്ള പാകിസ്ഥാന്‍ കൂലിയെഴുത്തുകാരോട് സാമൂഹ്യമാദ്ധ്യമങ്ങളിലുയരുന്ന ചോദ്യം.

ശോഭാ ഡേ അബ്ദുള്‍ ബസിതിന്‍റെ അവകാശവാദം നിഷേധിച്ചിട്ടുണ്ട്. തന്നെ അപമാനിയ്ക്കാനാണ് അബ്ദുള്‍ ബാസിത് ഇത് പറഞ്ഞതെന്നാണ് ശോഭാ ഡേയുടെ വാദം.

Related Articles

Latest Articles