Sunday, June 2, 2024
spot_img

ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പരിഷ്‌കർത്താവ്; ഇന്ത്യയിലെ ആദ്യ കർഷകത്തൊഴിലാളി സമരത്തെ മുൻപന്തിയിൽ നിന്ന് നയിച്ച നായകൻ; കേരള നവോത്ഥാനത്തിന്റെ വില്ലുവണ്ടിയുടെ സാരഥി മഹാത്മാ അയ്യങ്കാളി ജന്മദിനം ഇന്ന്

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു അയ്യങ്കാളി. സാധാരണക്കാര്‍ക്കുമേല്‍ ജാതിമേധാവികള്‍ അടിച്ചേല്‍പ്പിച്ച സാമൂഹ്യ വ്യവസ്ഥിതിയിലാണ് അയ്യങ്കാളിയുടെ ജനനം. വിദ്യാഭ്യാസം, തൊഴില്‍, സമ്പത്ത്, സഞ്ചാരസ്വാതന്ത്ര്യം, വസ്ത്രം തുടങ്ങിയവ നിഷേധിച്ച ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1863 ഓഗസ്‌റ്‌ 28 ന്‌ തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ്‌ അയ്യങ്കാളി ജനിച്ചത്‌. പുലയ സമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച്‌ ശ്രദ്ധേയനായി. പഞ്ചമിയെ കൈപിടിച്ച് സ്‌കൂളിലെത്തിച്ച് വിദ്യാഭ്യാസത്തിനും ലിംഗസമത്വത്തിനും പോരാടി. തലപ്പാവും കോട്ടുമടങ്ങുന്ന വസ്ത്രധാരണരീതിയും ജാതിമേല്‍കോയ്മക്കെതിരെയുള്ള പൊരാട്ടമായിരുന്നു.1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീർന്നു. സാധാരണക്കാർക്ക് വഴിനടക്കാനും അക്ഷരം പഠിയ്ക്കാനുമുള്ള അവകാശം നേടിയെടുക്കാന്‍ ഒട്ടേറെ സമരങ്ങള്‍ക്ക്‌ അയ്യങ്കാളി നേതൃത്വം നല്‍കി. 1904ല്‍ അദ്ദേഹം മുന്‍കയ്യെടുത്ത്‌ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.

തങ്ങളുടെ കുട്ടികളെ സർക്കാർ സ്കൂളുകളില്‍ പ്രവേശിപ്പിക്കുന്നതു വരെ നാഞ്ചിനാട്ടിലെ വയലുകളില്‍ പുല്ലുമുളപ്പിക്കും എന്ന്‌ പ്രഖ്യാപിച്ചു കൊണ്ട്‌ ഇന്ത്യയിലെ ആദ്യ കർഷകത്തൊഴിലാളി സമരത്തിന്‌ അയ്യങ്കാളി നേതൃത്വം നല്‍കി. 1914 ൽ ആരംഭിച്ച സമരം മാസങ്ങളോളം നീണ്ടുനിന്നു. ഒടുവിൽ അയ്യങ്കാളി ഉയർത്തിയ ആവശ്യങ്ങൾക്കു മുന്നിൽ സർക്കാറിനു കീഴടങ്ങേണ്ടി വന്നു. ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി 1893 ൽ അയ്യങ്കാളി നടത്തിയ സമരം ശ്രദ്ധേയമാണ്‌. മണികെട്ടിയ രണ്ട്‌ കാളകൾ വലിച്ച വില്ലുവണ്ടിയില്‍ അദ്ദേഹം ബാലരാമപുരത്തെ പൊതുവഴിയിലൂടെ യാത്ര ചെയ്തു. തൊഴിലാളി വര്‍ഗ്ഗ സംഘടനപാഠശാലകള്‍ നിര്‍മ്മിക്കുക, തൊഴില്‍ പരിശീലനത്തിനായി നെയ്ത്തുശാലകള്‍, കൃഷി ചെയ്യാന്‍ മതിയായ ഭൂമി, അധികാരകേന്ദ്രങ്ങളില്‍ പ്രാതിനിധ്യം തുടങ്ങിയ അവകാശങ്ങള്‍ നേടിയെടുത്തത് ഏറെ മാതൃകാപരമായിരുന്നു. അസമത്വങ്ങള്‍ക്ക് എതിരെ പോരാടാന്‍ അവ നമുക്ക് കരുത്ത് പകരും.1941 ജൂണ്‍ 18ന്‌ സാമൂഹ്യനവോത്ഥാനത്തിന്‌ ഊര്‍ജം പകർന്ന കർമ്മയോഗി അന്തരിച്ചു.

Related Articles

Latest Articles