മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി പ്രശസ്ത കവി മുരുകൻ കാട്ടാക്കട കഴിഞ്ഞ ദിവസം ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.
ലളിത മലയാളത്തിൽ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ ലോക മലയാളികളിൽ ഭാഷാസ്നേഹം വളർത്താൻ കഴിയും എന്നാണ് എൻ്റെ എളിയ വിചാരമെന്നും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം ചുമതലയേറ്റതിനു ശേഷം പ്രതികരിച്ചു.
എന്നാൽ ഇതിനിടെ, മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി ചുമതലയേറ്റ മുരുകൻ കാട്ടാക്കടക്ക് അഭിനന്ദനവുമായി ‘മലയാളം മിഷന്‍’ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരിക്കുകയാണ്. മുരുകൻ കാട്ടാക്കടയെ ‘ആർ മുരുകൻ നായർ’ ആക്കിയുള്ള പോസ്റ്റർ ആണ് മലയാളം മിഷൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് വിവാദമായിരിക്കുന്നത്.
മുരുകൻ കാട്ടാക്കട എന്നറിയപ്പെട്ട ഒരാളെ നായരാക്കുന്നതിൻ്റെ പിന്നിലെ ചിന്ത എന്തായിരിക്കും എന്ന സംശയമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്. മലയാളം മിഷനിൽ വാൽ നിർബന്ധമാണോ എന്നും കവി മുരുകൻ കാട്ടാകട പറഞ്ഞിട്ടാണോ ഈ മാറ്റമെന്നും വിമർശകർ ചോദിക്കുന്നു.
മാത്രമല്ല ‘മലയാളം മിഷന് നാണമില്ലേ ഇങ്ങനെ ജാതിവാല് കൂട്ടിച്ചേർക്കാൻ?, പൊതുവേദിയിൽ മുരുകൻ കാട്ടാക്കട എന്ന് തന്നെയല്ലേ അറിയപ്പെടുന്നത്. അപ്പോൾ എന്തിനാണ് ഇത്തരത്തിൽ ഒരു പ്രദർശനം, മുരുകൻ കാട്ടാക്കട ജനകീയ കവിയും, പുരോഗമന നിലപാട് മുറുകെ പിടിക്കുന്നയാളുമാണ്. പോസ്റ്റിൽ ഈ വാല് അനുചിതമായിപ്പോയി!. മുരുകൻ നായരോ? നിങ്ങൾ അഭിസംബോധന ചെയ്യുന്ന വ്യക്തി പോലും സ്വയം പരിചയപ്പെടുത്തുന്നത് മുരുകൻ കാട്ടാക്കട എന്നാണ്. പിന്നെ എന്തിനാണ് അദ്ദേഹം ഉപേക്ഷിച്ച ജാതിവാൽ വീണ്ടും ഫിറ്റ് ചെയ്ത് അദ്ദേഹത്തെ അപമാനിക്കുന്നത്?. ഇത്തരം ഭൂലോക ഊളകളാണോ മലയാളം മിഷനിൽ ഉള്ളത്?’, ഇങ്ങനെ പോകുന്നു സമൂഹമാധ്യമത്തിൽ ഉയരുന്ന വിമർശന കമന്റുകൾ.
അതേസമയം ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം ആണ് മലയാളം മിഷൻ


