Thursday, December 18, 2025

ഇരു രാജ്യങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഒന്ന് !അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്ക് ചൈനയുടെ പിന്തുണ

ടിയാൻജിൻ: അതിർത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കാൻ ചൈനയുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് മോദി ഇക്കാര്യം ഉന്നയിച്ചത്. വിഷയത്തിൽ ഇന്ത്യക്ക് ചൈനയുടെ പിന്തുണ ലഭിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയുടെ ഭാഗമായി ടിയാൻജിനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യയെയും ചൈനയെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. ഇതിനെ പ്രതിരോധിക്കുമ്പോൾ ഇരു രാജ്യങ്ങളും പരസ്പരം മനസ്സിലാക്കുകയും പിന്തുണ നൽകുകയും ചെയ്യേണ്ടത് നിർണായകമാണെന്ന് മോദി ഊന്നിപ്പറഞ്ഞതായി മിസ്രി അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പരസ്പരം സഹകരിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം മോദി ഷി ജിൻപിങ്ങിനെ അറിയിച്ചു. അതിർത്തി തർക്കത്തിന് സ്വീകാര്യമായ ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. ഇതിനായി വരും ദിവസങ്ങളിലും ഔദ്യോഗിക തലത്തിൽ യോഗങ്ങൾ ചേരും. ആഗോള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാനും ഇരുനേതാക്കളും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.

ഉഭയകക്ഷി ബന്ധത്തിന്റെ സുഗമമായ വളർച്ചയ്ക്ക് അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും അത്യാവശ്യമാണെന്ന് മോദി പറഞ്ഞു. ഭാവിയിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സമാധാനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ധാരണയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ ബന്ധം 280 കോടി ജനങ്ങൾക്ക് പ്രയോജനകരമാകുമെന്ന കാര്യത്തിലും നേതാക്കൾക്കിടയിൽ സമവായമുണ്ടായി.

ഇരു രാജ്യങ്ങളുടെയും പൊതുതാത്പര്യങ്ങൾ, അഭിപ്രായവ്യത്യാസങ്ങളെക്കാൾ വലുതാണെന്നും അതിനാൽ, അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നേതാക്കൾ ധാരണയിലെത്തി. ഒരു ഏഷ്യൻ നൂറ്റാണ്ടും അതിന്റെ ഹൃദയഭാഗത്ത് ഏഷ്യയുടെ മുഖ്യപങ്കുമുള്ള, പ്രവർത്തനക്ഷമമായ ഒരു ബഹുധ്രുവലോകക്രമവും സാധ്യമാകണമെങ്കിൽ ഇന്ത്യയും ചൈനയും വളരുകയും സഹകരിക്കുകയും ചെയ്യേണ്ടത് നിർണായകമാണെന്ന് മിസ്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles