Sunday, May 19, 2024
spot_img

ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ സൈന്യം തയാര്‍: ജനറല്‍ ബിപിന്‍ റാവത്ത്

ദില്ലി: ശത്രുക്കളില്‍നിന്നുള്ള ഏതുവെല്ലുവിളിയേയും നേരിടാന്‍ സൈന്യം സജ്ജരാണെന്ന് സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) ജനറല്‍ ബിപിന്‍ റാവത്ത്. കരസേനാ മേധാവിയായി വിരമിക്കുന്ന റാവത്ത് വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ ഉറച്ചുനിന്ന സൈന്യത്തിന് അദ്ദേഹം നന്ദിപറഞ്ഞു. അതിര്‍ത്തിയിലെ ശത്രുക്കളുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ സൈന്യം ശക്തരാണോയെന്ന ചോദ്യത്തിന് ഏത് വെല്ലുവിളികളെയും നേരിടാന്‍ സൈന്യം ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആകുന്ന ആദ്യത്തെ സൈനിക മേധാവിയാണ് ബിപിന്‍ റാവത്ത്. സംയുക്ത സൈനിക പരിശീലനം, കര, വ്യോമ, നാവിക സേനകള്‍ക്കുള്ള ആയുധങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആണ് തീരുമാനം എടുക്കുന്നത്. ഇതുവരെ സം യുക്ത പ്രതിരോധ സ്റ്റാഫ് മേധാവിയായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നത്.

മൂന്നു സേനാ വിഭാഗങ്ങളുടെയും സൈനിക സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ളവയുടെയും ചുമതലയും ഇനിമുതല്‍ സിഡിഎസിനാണ്. എന്നാല്‍, സിഡിഎസിന് സൈനിക നീക്കങ്ങള്‍ക്ക് ഉത്തരവിടാനോ അത്തരം നീക്കങ്ങളുടെ ചുമതലയോ ഉണ്ടാകില്ല. സിഡിഎസ് പദവിയില്‍ നിന്നു വിരമിച്ചു കഴിഞ്ഞാല്‍ പിന്നെ മറ്റൊരു സര്‍ക്കാര്‍ പദവികളിലും തുടരാനും കഴിയില്ല.

Related Articles

Latest Articles