Monday, May 20, 2024
spot_img

യൂണിവേഴ്‍സിറ്റി കോളേജിലെ സംഘർഷം; പ്രതികളായ എസ്എഫ്ഐക്കാർ പിഎസ്‍സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെ? അന്വേഷണം ഊർജ്ജിതമാക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർ‍ത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്‍സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെയെന്ന് പൊലീസ് അന്വേഷിക്കും. സ്പെഷ്യൽ ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. യൂണിവേഴ്‍സിറ്റി കോളേജിൽത്തന്നെയുള്ള പരീക്ഷാ കേന്ദ്രത്തിലാണ് ഇരുവരും പരീക്ഷയെഴുതിയതെന്നാണ് സൂചന. പരീക്ഷയിൽ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയിൽ വരിക. പരീക്ഷയിൽ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും. ഇരുവരും പിഎസ്‍സി റാങ്ക് പട്ടികയിൽ വന്നതിൽ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം.

ഒരാഴ്ച മുൻപാണ് PSC POLICE CONSTABLE EXAM-ന്റെ ഫലം പ്രഖ്യാപിച്ചത്. അതിൽ കാസർകോട് ബറ്റാലിയനിൽ 1-അം റാങ്ക് ശിവരഞ്ജിത്ത്, 2-അം റാങ്ക് പ്രണവ്, 28-അം റാങ്ക് നസീം എന്നിവർക്ക് ലഭിച്ചു. ശിവരഞ്ജിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിൽ ഒന്നാം റാങ്കാണ്. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. 78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്പോര്‍ട്‍സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് ലഭിച്ചു.

രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ലക്ഷങ്ങൾ എഴുതിയ പരീക്ഷയിൽ അടുത്തെങ്ങും ആരുമില്ലെന്നും സംശയത്തിന്റെ ആക്കം കൂട്ടുന്നു. നസീം പോലീസുകാരെ ആക്രമിച്ച കേസിലും പ്രതിയാണ്. പാളയത്ത് സിഗ്നൽ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാൾ പോലീസുകാരെ പൊതുനിരത്തിൽ വളഞ്ഞിട്ട് തല്ലിയത്.അക്രമംനടന്നതിന് തൊട്ടുപിന്നാലെ കൺട്രോൾറൂമിൽനിന്ന് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റുചെയ്യാതെ മടങ്ങി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുക്കാൻ പോലീസ് തയ്യാറായത്.

കേസിൽനിന്ന് ഒഴിവാക്കാനും വൻ സമ്മർദമുണ്ടായി. നസീം ഒളിവിലാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ നസീം തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലും എസ്.എഫ്.ഐ. ഓഫീസിലും ഇയാൾ എത്താറുണ്ട്. മന്ത്രി എ.കെ. ബാലൻ പങ്കെടുത്ത പൊതുചടങ്ങിലും പങ്കെടുത്തിരുന്നു. മാധ്യമങ്ങളിൽ വാർത്തവന്നതോടെയാണ് അറസ്റ്റുചെയ്യാൻ പോലീസ് തയ്യാറായത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് നസീം വീണ്ടും യൂണിവേഴ്സിറ്റി കോളേജിൽ സജീവമായത്.
അക്രമ രാഷ്‌ട്രീയവും കത്തികുത്തുമായി നടക്കുന്ന ഇവർക്ക് ഉന്നതവിജയം നേടിയത് സംശയത്തിനിട നൽകുന്നു.

Related Articles

Latest Articles