ബംഗളുരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പതിവിനു വിപരീതമായ വിമത ശല്യം നേരിടുകയാണ് ബിജെപി. പത്തോളം പ്രമുഖ നേതാക്കളാണ് സീറ്റിനുവേണ്ടി മറ്റുപാർട്ടികളിൽ ചേർന്ന് പാർട്ടിക്കെതിരെ മത്സരിക്കുന്നത്. എന്നാൽ അധികാര മോഹികളും കുടുംബാധിപത്യം ഇഷ്ടപ്പെടുന്നവരുമാണ് പാർട്ടി വിട്ടതെന്നും യുവജനങ്ങളുടെ അടക്കം ജനങ്ങളുടെ പിന്തുണ ബിജെപിക്കൊപ്പമാണെന്നുമാണ് പാർട്ടി വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ പാർട്ടിവിട്ട നേതാക്കളെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുന്നതിനു പ്രത്യേക പദ്ധതി തയാറാക്കുകയാണ് പാർട്ടി. ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സാക്ഷാൽ അമിത് ഷാ തന്നെയാണ് ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. പാർട്ടിവിട്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിമാരായ ജഗദീഷ് ഷെട്ടാറും, ലക്ഷ്‌മൺ സാവടിയും മത്സരിക്കുന്ന ധാർവാഡ് സെൻട്രൽ, ബലഗാവി സീറ്റുകളിലാണ് ബിജെപി ഏറ്റവുമധികം ശ്രദ്ധ പുലർത്തുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി ചൊവാഴ്ച്ച സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ വിമതർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ നിലവിലെ പ്രവർത്തക ഗണത്തിനു പുറമെ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കാൻ തീരുമാനമെടുത്തിരുന്നു. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും മുൻ മുഖ്യമന്ത്രി യദ്യൂരപ്പയും ഇത്തരം മണ്ഡലങ്ങളിലെ പ്രചാരണം നേരിട്ട് വിലയിരുത്തുന്നുണ്ട്. ഇതിൽ ബിജെപി ഏറ്റവും വലിയ വഞ്ചനയായി കരുതുന്നത് ഷെട്ടാറിന്റെ രാജിയാണ്. അതുകൊണ്ടുതന്നെ ഇരുവരും ജയിക്കുന്ന സാഹചര്യമുണ്ടാകരുത് എന്നാണ് പാർട്ടി ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉൾപ്പെടെ ദേശീയ നേതാക്കളുടെ റാലികൾ കൂടുതലായി ഈ മണ്ഡലത്തിൽ നടത്താനും പ്രചാരണം ശക്തമാക്കാനുമാണ് ബിജെപി തീരുമാനം

