കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള. ദേശീയ പാതാ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിവച്ച പ്രളയത്താല്‍ കഷ്ടതയനുഭവിക്കുന്ന ആളുകളുടെ ആവശ്യം പരിഗണിച്ച് നിയമ പ്രകാരമാണെങ്കില്‍ മാത്രം വേണ്ടത് ചെയ്യുക എന്നാണ് താന്‍ പറഞ്ഞത്.
താന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് അയച്ച കത്ത് വായിച്ചാല്‍ ആര്‍ക്കും അത് മനസ്സിലാകും. ഇംഗ്ലീഷ് അറിയാത്തൊരാള്‍ക്ക് എങ്ങനെ പിഎച്ച്ഡി കിട്ടി എന്ന് മനസ്സിലാകുന്നില്ല.
1972 ല്‍ ദേശീയ പാതയ്ക്ക് വേണ്ടി സ്ഥലം വിട്ട് നല്‍കിയവര്‍ക്ക് ഇതുവരെ പൂര്‍ണമായും പണം ലഭിച്ചില്ല. അന്ന് ഏറ്റെടുത്ത ഭൂമിയില്‍ ഇപ്പോഴും പണി തുടങ്ങിയിട്ടില്ല. ഈ ആവശ്യവുമായാണ് തന്നെ കാണാന്‍ സംയുക്ത സമരസമിതിയുടെ ആളുകള്‍ എത്തിയത്. ആ കൂട്ടത്തില്‍ അവിടുത്തെ സിപിഎമ്മിന്റെ പ്രാദേശിക നേതാവുമുണ്ടായിരുന്നു. ന്യായമായ ആവശ്യത്തിന് വരുന്നവരെ സഹായിക്കുമ്പോള്‍ താന്‍ രാഷ്ട്രീയം നോക്കാറില്ല.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവര്‍ത്തിയെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

