Tuesday, September 22, 2026

ശ്രീലങ്കയിൽ നിർണ്ണായകമായ പാർലമെന്റ് സമ്മേളനം തുടങ്ങി: പുതിയ പ്രധാനമന്ത്രി ആരെന്നതു സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും; പ്രതിഷേധം തുടരുന്നു

കൊളംബോ: രാഷ്ട്രീയ പ്രതിസന്ധിക്കിടെ ശ്രീലങ്കയിൽ പാർലമെന്റ് സമ്മേളനത്തിന് തുടക്കം. പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ രാജിയും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും സ്പീക്കർ സഭയിൽ പ്രഖ്യാപിച്ചു. അടുത്തയാഴ്ച പുതിയ പ്രസിഡന്റ് തെരെഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് സൂചന. പുതിയ പ്രധാനമന്ത്രി ആരെന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനം രാജി വച്ച് ആക്ടിങ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ ഗോതബയ രാജപാക്‌സെ യുടെ അടുത്ത അനുയായി എന്നറിയപ്പെടുന്ന റെനിൽ വിക്രമസിംഗെ പ്രസിഡന്റായതിൽ പ്രതിഷേധക്കാർ തൃപ്തരല്ല. പ്രതിപക്ഷ നിരയിൽ നിന്നൊരാൾ പ്രസിഡന്റാകണം എന്നതാണ് അവരുടെ ആവശ്യം. അതിനാൽ തന്നെ ഗോതബയ യുടെ രാജി പ്രഖ്യാപനം വന്നിട്ടും പ്രതിഷേധക്കാർ കയ്യടക്കിയിരുന്ന സർക്കാർ മന്ദിരങ്ങളിൽ നിന്നും അവർ ഒഴിഞ്ഞുപോയിരുന്നില്ല.

അതേസമയം ഗോതബയ രാജപക്‌സെ കഴിഞ്ഞദിവസം രാജി പ്രഖ്യാപിച്ചിരുന്നു. മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരിലെത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സൗദി അറേബ്യന്‍ വിമാനത്തിലാണ് ഗോതബയ സിംഗപ്പൂരില്‍ എത്തിയത്. സ്വകാര്യ സന്ദര്‍ശനത്തിനാണ് ഗോതബയയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത് എന്നാണ് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഗോതബയ രാജ്യത്ത് അഭയം തേടിയിട്ടില്ലെന്നും അദ്ദേഹത്തിന് അഭയം നല്‍കില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ജനങ്ങള്‍ ഔദ്യോഗിക വസതി വളഞ്ഞതിന് പിന്നാലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയ ഗോതബയ മാലിദ്വീപിലേക്ക് കടന്നത്. അവിടെ ഒരു ദിവസം തങ്ങിയ ശേഷമാണ് അദ്ദേഹം ഇന്ന് സിംഗപ്പൂരിലേക്ക് പോയത്.

Related Articles

Latest Articles