Saturday, January 3, 2026

സാമ്പത്തിക പ്രതിസന്ധിയിൽ വളഞ്ഞ് ശ്രീലങ്ക; വിദേശത്തെ എംബസികൾ അടച്ചുപൂട്ടുന്നു

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്ക വിദേശത്തെ എംബസികൾ അടച്ചുപൂട്ടുന്നു. ഇറാഖ്, നോർവേ, സുഡാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേതടക്കമുള്ള എംബസികളാണ് ശ്രീലങ്ക അടയ്ക്കുന്നത്. വിദേശ എംബസികളുടെ പ്രവർത്തനത്തിന് പണമില്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ലങ്കൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, വിലയക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ കാര്യമായ നിര്‍ദേശങ്ങളൊന്നും ഉയര്‍ന്നുവന്നില്ല.

പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ ശ്രീലങ്കയില്‍ സജീവമായി നടക്കുന്നുണ്ടെങ്കിലും വേണ്ട പരിഹാരങ്ങളെടുക്കാൻ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

ശ്രീലങ്കയെ സഹായിക്കാനായി മറ്റ് രാജ്യങ്ങളൊന്നും ഇതുവരെ രംഗത്തെത്തിയിട്ടില്ല. ബിംസ്റ്റെക് രാജ്യങ്ങളുടെ യോഗത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നാളെ ശ്രീലങ്കയിലെത്തും. അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഇന്ത്യയുടെ സഹായം തേടാനാണ് ശ്രീലങ്കയുടെ ശ്രമം.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ആദ്യത്തേതും ഏറ്റവും വലുതുമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനംചെയ്തുകൊണ്ടിരിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി മാറുകയായിരുന്നു. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ ഇത്രമേൽ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് നിലവിൽ രാജ്യത്തുള്ളത്.

Related Articles

Latest Articles