Monday, May 20, 2024
spot_img

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റനിൽ വിക്രമസിംഗേ

കൊളംബോ: ശ്രീലങ്കയിൽ ഇന്നുമുതൽ വീണ്ടും അടിയന്തരാവസ്ഥ. ആക്ടിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗേ ആണ് അടിയന്തരാവസ്ഥയ്ക്ക് ഉത്തരവിട്ടത്. പൊതു സുരക്ഷ, ക്രമസമാധാന പാലനം, അവശ്യ സാധനങ്ങളുടെ വിതരണവും സേവനവും ഉറപ്പാക്കൽ എന്നിവ മുൻനിർത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ആക്റ്റിംഗ് പ്രസിഡന്റ് റനിൽ വിക്രമ സിംഗേക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രക്ഷോഭകർ. അതിനിടെ, ശ്രീലങ്കയിൽ ഇന്ധന വില കുറച്ചു. ആക്റ്റിങ് പ്രസിഡന്റ് റെനിൽ വിക്രമസിംഗേയുടെ നിർദേശം കണക്കിലെടുത്താണ് അടിയന്തര നടപടിയെന്നോണം ഇന്ധനവില കുറച്ചത്. പെട്രോളിന് ഇരുപത് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്.
തിങ്കളാഴ്ച രാവിലെ മുതൽ അടിയന്തരാവസ്ഥ നിലവിൽവരുമെന്ന് ഞായറാഴ്ച അർധരാത്രി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ചൊവ്വാഴ്ച മുതൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദേശപത്രിക സ്വീകരിക്കും. സ്ഥാനാർഥികളായി വിക്രമസിംഗെ ഉൾപ്പെടെ നാലു പേരുണ്ടാകുമെന്നാണ് സൂചന. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. നവംബർ 2024 വരെയാണ് പുതിയ പ്രസിഡന്‍റിന്‍റെ കാലാവധി.

അതേസമയം, 20 ന് നടക്കുന്ന പ്രസിഡന്റ് വോട്ടെടുപ്പിൽ എംപി മാർക്ക് സ്വതന്ത്ര വോട്ടവകാശത്തിന് അവസരമൊരുക്കുമെന്ന് റനിൽ വിക്രമസിംഗേ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ എം പിമാരെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നടപടിക്കും വിക്രമസിംഗേ നിർദേശം നൽകി. ജനകീയ പ്രക്ഷോഭത്തിനിടെ വീടുകൾ തകർക്കപ്പെട്ട ഭരണകക്ഷി എം പിമാർക്ക് വീട് വെച്ച് നൽകുമെന്നും വിക്രമസിംഗേ വ്യക്തമാക്കി. എം പി മാരെ ഫോണിൽ ബന്ധപ്പെട്ടാണ് ആക്റ്റിംഗ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അതേസമയം, റെനിൽ വിക്രമസിംഗേക്കെതിരെ കടുത്ത നിലപാടിലാണ് പ്രക്ഷോഭകർ. നാട്ടുകാർ പുറത്താക്കുന്നതിനു മുമ്പ് വിക്രമസിംഗേ സ്വയം ഒഴിഞ്ഞു പോകണമെന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം.

Related Articles

Latest Articles