കാസര്‍കോട്: ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ നാളെ ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. സര്‍പ്പദോഷം മാറ്റുന്നതിനുള്ള ആശ്ലേഷ പൂജകള്‍ക്ക് വേണ്ടിയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി എത്തുന്നത്.
ആയില്യം നാളിലാണ് സാധാരണ ഇവിടെ ആശ്ലേഷ പൂജ നടക്കുന്നത്. എന്നാല്‍ ലങ്കന്‍ പ്രധാനമന്ത്രിക്ക് വേണ്ടി ആയില്യം നക്ഷത്രം വരുന്ന ദിവസത്തിന് ഒരു ദിവസം മുന്‍പ് ക്ഷേത്രത്തില്‍ പ്രത്യേക ആശ്ലേഷ പൂജ ഒരുക്കും.
26ന് രാവിലെ വിക്രമസിംഗെ കൊല്ലൂര്‍ മൂകാംബികയിലെത്തും. അവിടെ നിന്ന് വൈകീട്ടോടെ മംഗളൂരുവില്‍ നിന്നു ഹെലികോപ്റ്ററില്‍ താജ് ഹോട്ടലിലേക്ക് വരും. 27ന് ബേള ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുത്ത ശേഷം ശ്രീലങ്കയിലേക്ക് മടങ്ങും. ക്ഷേത്ര പൂജാരി രാമചന്ദ്ര അഡിഗയുടെ മുഖ്യ കാര്‍മീകത്വത്തിലാണ് പൂജ.
രാമചന്ദ്ര അഡിഗയുടെ അനുജനും, താന്ത്രികാചാര്യനുമായ പത്മനാഭ ശര്‍മയുടെ ഉപദേശം അനുസരിച്ചാണ് വിക്രമസിംഗെ ഇവിടേക്കായി നാഗപൂജയ്ക്ക് എത്തുന്നത്. ശ്രീലങ്കന്‍ പ്രധാനമന്ത്രി എത്തുന്നതിനെ തുടര്‍ന്ന് ഇവിടെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 15 പേര്‍ മാത്രമാണ് പൂജയില്‍ പങ്കെടുക്കുക. ശ്രീലങ്കന്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സുരക്ഷാ വലയത്തിലായിരിക്കും പൂജ.

