തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് ജനവിരുദ്ധ ബജറ്റെന്ന് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. പെട്രോളിനും ഡീസലിനും നികുതി കുറക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്. കേന്ദ്ര സർക്കാർ പല തവണ നികുതി കുറച്ചു. മിക്ക സംസ്ഥാനങ്ങളും ആനുപാതികമായി നികുതി കുറക്കുമ്പോൾ ധനമന്ത്രി കെ എൻ ബാലഗോപാൽ തീർത്തും ജനവിരുദ്ധമായ നിലപാടാണ് ബജറ്റിൽ സ്വീകരിച്ചത്. ലിറ്ററിന് 2 രൂപ അധിക സെസ്സ് ഏർപ്പെടുത്തിയത് വൻ വിലക്കയറ്റം സൃഷ്ട്ടിക്കുമെന്ന് പരാതി ഉയരുന്നു. മദ്യത്തിനും അശാസ്ത്രീയമായ വിലക്കയറ്റം വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നു. വാഹന നികുതിയിലും രജിസ്‌ട്രേഷനിലും വലിയ വർദ്ധനവ് ബജറ്റിൽ വരുത്തിയിട്ടുണ്ട്. ഭൂമിയുടെ അടിസ്ഥാന വിലയിലും വർദ്ധനവുണ്ട്.
കയ്യിൽകിട്ടിയതിനെല്ലാം ധനമന്ത്രി നികുതി കൂട്ടി. വ്യവസായങ്ങൾക്ക് സർചാർജ്ജ് ഉയർത്തിയ ശേഷം മേക്ക് ഇൻ കേരളം എന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് വിമർശനമുണ്ട്. വലിയ നികുതി വർദ്ധനവ് വരുത്തുകയും നികുതി പിരിവിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്ന ദയനീയ അവസ്ഥയിലാണ് സംസ്ഥാനം. കുടിശ്ശികകൾ പിരിച്ചെടുക്കാതെ ജനങ്ങളുടെ മേൽ അധിക ഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാർ. കിഫ്‌ബി സമ്പൂർണ്ണ പരാജയമെന്ന് തെളിഞ്ഞു. 50000 കോടിയുടെ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷം കൊണ്ട് ലക്ഷ്യമിട്ട കിഫബിക്ക് 22000 കോടി മാത്രമാണ് ചെലവിടാൻ കഴിഞ്ഞത്. പൂർത്തിയാക്കിയ പദ്ധതികൾ 6000 കോടി മാത്രമാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി പുതിയ പദ്ധതികളില്ലാത്തത് സമ്പൂർണ്ണ പരാജയത്തിന്റെ സമ്മതമാണെന്നും വിലയിരുത്തപ്പെടുന്നു.

