തിരുവനന്തപുരം: പുതിയ കെ പി സി സി അദ്ധ്യക്ഷനെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ്. സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവമായിരുന്നു. ആന്റോ ആന്റണിയോ സണ്ണി ജോസഫോ പുതിയ അദ്ധ്യക്ഷനാകും എന്നായിരുന്നു വാർത്തകൾ. സുധാകരൻ ദേശീയ നേതൃത്വത്തിലേക്ക് പോകും. എന്നാൽ ഈ തീരുമാനത്തോട് കെ സുധാകരൻ ഇതുവരെ വഴങ്ങിയിട്ടില്ലെന്നാണ് സൂചന. നേതൃമാറ്റ ചർച്ചകൾ മാദ്ധ്യമങ്ങളിൽ നടക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് പാർട്ടി.
ഈ സാഹചര്യത്തിൽ നാല് വഴികളാണ് ഹൈക്കമാൻഡ് തേടുന്നത്. സുധാകരനെ അനുനയിപ്പിച്ച് പുതിയ കെ പി സി സി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുക എന്നതാണ് ഒന്ന്. സുധാകരൻ വഴങ്ങിയില്ലെങ്കിൽ പുതിയ അദ്ധ്യക്ഷൻ ആരാകണമെന്നത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം കൂടി തേടുക എന്നതാണ് രണ്ടാമത്തേത്. സുധാകരൻ പറയുന്നയാളെ അദ്ധ്യക്ഷനാക്കി എന്ന് വരുത്താനാണ് ശ്രമം. അനുനയിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരെ സുധാകരൻ തുടരും എന്ന പ്രഖ്യാപനമാണ് മൂന്നാമത്തേത്. കെ സുധാകരന്റെ അനാരോഗ്യം പരിഗണിച്ച് അദ്ദേഹത്തെ അദ്ധ്യക്ഷനായി തുടരാൻ അനുവദിക്കുന്നതിനൊപ്പം മുതിർന്ന 3 നേതാക്കളെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിക്കുക എന്നതും നേതൃത്വത്തിന്റെ ആലോചനയിലുണ്ട്.
ആന്റോ ആന്റണിക്കും സണ്ണി ജോസഫിനും പാർട്ടിയിൽ എതിർപ്പുകളുമുണ്ട്. ഫോട്ടോ കണ്ടാൽ ജനം തിരിച്ചറിയുന്ന ആളാകണം കെ പി സി സി പ്രെസിഡന്റെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരൻ പറഞ്ഞിരുന്നു. ഇതേ വാക്യമെഴുതി എറണാകുളത്ത് ആന്റോ ആന്റണിക്കും സണ്ണി ജോസഫിനുമെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

