Sunday, May 19, 2024
spot_img

വൈക്കത്ത് തെരുവ് നായ ആക്രമണം; 10 പേരെ കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരണം

കോട്ടയം: വൈക്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റ സംഭവത്തിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇത് രണ്ടാമത്തെ നായയ്ക്കാണ് വൈക്കത്ത് പേവിഷബാധ സ്ഥിരീകരിക്കുന്നത്. ആളുകൾക്ക് കടിയേറ്റത് മുഖത്തും വയറിലും ഉൾപ്പെടെയാണ്. തിരുവല്ലയിലെ ലാബിൽ നടന്ന പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

പുലർച്ചെ 7.30 ഓടെ പാല് വാങ്ങാൻ പോയ ഏറ്റുമാനൂർ എസ്.ഐ മാത്യൂ പോളിനാണ് ആദ്യം നായയുടെ കടിയേറ്റത്. ശേഷം റോഡിലൂടെ പോവുകയായിരുന്ന മറ്റ് നിരവധി യാത്രക്കാരെയും നായ ആക്രമിച്ചിരുന്നു. ഒരാളുടെ മുഖത്തും മറ്റൊരാളുടെ വയറിനും മറ്റുള്ളവരുടെ കൈക്കും കാലിനുമാണ് നായയുടെ കടിയേറ്റത്. നിലവിൽ കടിയേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പേ വിഷബാധയേറ്റ തെരുവുനായ നിരവധി വളർത്തു നായകളെയും കടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈക്കം വെച്ചൂരിലും പേ വിഷബാധയുള്ള തെരുവ് നായ നിരവധി നാട്ടുകാരെ കടിച്ചിരുന്നു. മറ്റ് നായ്ക്കൾക്കും കടിയേറ്റിരുന്നു. ആഴ്ചകൾക്ക് മുൻപുണ്ടായ തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റവരും കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സ തേടിയത്.

Related Articles

Latest Articles