Monday, January 5, 2026

എന്‍ജിഒ യൂണിയന് മുന്നിൽ കളക്ടർ കീഴടങ്ങി; പതിനൊന്ന് ദിവസത്തെ സമരം അവസാനിപ്പിച്ചു

കോഴിക്കോട് : റവന്യു വകുപ്പിലെ കൂട്ടസ്ഥലമാറ്റ ഉത്തരവ് റദ്ദാക്കണമെന്ന എന്‍.ജി.ഒ യൂണിയന്റെ ആവശ്യവുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ടറേറ്റിൽ 11 ദിവസമായി നടന്നുവന്ന എൻജിഒ സമരം അവസാനിപ്പിച്ചു. നിയമങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റം ഉത്തരവ് റദ്ദാക്കുമെന്ന് കളക്ടർ അറിയിച്ചു.

സ്ഥലംമാറ്റിയ പതിനാറ് വില്ലേജ് ഓഫീസര്‍മാരില്‍ 10 പേരെ തിരിച്ചുവിളിക്കുമെന്നും മൂന്ന് വര്‍ഷം തികയാത്തവരെ സ്ഥലം മാറ്റില്ലെന്നും കളക്ടർ ഉറപ്പ് നല്‍കി. ബാക്കിയുള്ളവരുടെ ആലോചിച്ച് തീരുമാനമെടുക്കുമെന്നും കളക്ട‍ർ അറിയിച്ചു. കൂടാതെ സമരം മൂലം നഷ്ടമായ സമയം നികത്താൻ അധികസമയം ജോലി ചെയ്യുമെന്ന് യൂണിയൻ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ സമരം ശക്തമാക്കി മുന്നോട്ടുപോവാന്‍ എന്‍.ജി.ഒ യൂണിയന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കളക്ടർ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയും എൻജിഒ നേതാക്കളും തമ്മിൽ നടത്തിയ മൂന്നാംഘട്ട ച‍ർച്ചയിലാണ് തീരുമാനമായത്.

സിവിൽ സ്റ്റേഷനിൽ കഴിഞ്ഞ പതിനൊന്ന് ദിവസമായി എൻജിഒയുടെ കൊടി തോരണങ്ങൾ നിറഞ്ഞിരിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ കളക്ട്രേറ്റിനുള്ളിലെ കൊടിതോരണങ്ങൾ മാറ്റുമെന്ന് എൻജിഒ യൂണിയൻ അറിയിച്ചു.

Related Articles

Latest Articles