തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ എം ശിവശങ്കര്‍ ഐഎഎസ് ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജോലി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.
ശിവശങ്കര്‍ ആത്മകഥാപരമായ പുസ്തകം എഴുതുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ചോദിച്ചിരുന്നോ എന്ന് നജീബ് കാന്തപുരം എംഎല്‍എയാണ് ആരാഞ്ഞത്. ഈ ചോദ്യത്തിന് അനുമതി തേടിയിട്ടില്ലെന്ന ഒറ്റവരി ഉത്തരമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.
മുൻപ് വാര്‍ത്താസമ്മേളനങ്ങളില്‍ ഇതേക്കുറിച്ച് പലതവണ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയായിരുന്നു എന്ന് അവാകശപ്പെടുന്നതായിരുന്നു എം ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകം.
നേരത്തെ പുസ്തകം എഴുതിയ വിഷയത്തില്‍ ശിവശങ്കറിനെ ന്യായീകരിക്കുന്ന നിലപാട് ആയിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. താൻ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കർ എഴുതിയതെന്നും പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം തന്നെ സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണില്‍ ജോലി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എംഎല്‍എ എം വിന്‍സെന്‍റിന്‍റെ ചോദ്യത്തിനു മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലമാണ് ഉത്തരം നല്‍കിയത്. എന്നാൽ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, വിജിലന്‍സ് അന്വേഷണം നടക്കുന്നു എന്ന ഒറ്റവരി മാത്രമാണ് മറുപടിയിലുള്ളത്.

