ശ്രീനഗർ:ജമ്മുകശ്മീരിലെ സുൻജ്‌വാനിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച ഭീകരിൽ ചാവേറുകളും ഉണ്ടെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാനിൽ നിന്നും ചാവേർ ആക്രമണത്തിനായി നുഴഞ്ഞു കയറിയ രണ്ട് പേർ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണെന്നും വധിച്ച ഭീകര സംഘത്തിൽ ഉണ്ടെന്നുമാണ് സുരക്ഷാ സേന അറിയിച്ചിരിക്കുന്നത്. ഭീകരരെ തിരിച്ചറിയുന്നതിനായി നടത്തിയ പരിശോധനയിൽ ഭീകരരിൽ ഒരാളുടെ ശരീരത്തിൽ നിന്നും സ്‌ഫോടക വസ്തുക്കൾ സേന കണ്ടെത്തി.
എന്നാൽ ഇതോടെ നഗരത്തിൽ വൻ ചാവേർ സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമമാണ് സുരക്ഷാ സേന തകർത്തെറിഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് ജമ്മു കശ്മീരിലെ സുൻജ്‌വാനുൾപ്പെടെയുള്ള മേഖലകളിൽ ഏറ്റുമുട്ടൽ ഉണ്ടായത്. കഴിഞ്ഞ ദിവങ്ങളിൽ ബരാമുള്ളയിലും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇരു പ്രദേശങ്ങളിമായി നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇരു മേഖലകളിലും ഭീകർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

