ദില്ലി: പശ്ചിമ ബംഗാളിൽ ജെഎംബി ഭീകരൻ (Terrorist Arrested) അറസ്റ്റിൽ. ബംഗാളിലെ സൗത്ത് 24 പരഗനാസ് ജില്ലയിൽ നിന്നാണ് ഭീകരസംഘടനയായ ജമാഅത്ത്-ഉൾ-മുജാഹിദ്ദീൻ ബംഗ്ലാദേശിൽ അംഗമായ ഭീകരനെ എൻഐഎ പിടികൂടിയത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഇക്കഴിഞ്ഞ ജൂലൈയിൽ അറസ്റ്റിലായ ജെഎംബി തീവ്രവാദികളുടെ അടുത്ത അനുയായിയാണ് ഇപ്പോൾ അറസ്റ്റിലായ ആളെന്നാണ് വിവരം.
ഇയാൾക്ക് അൽ-ഖ്വയ്ദ, ഹർകത്ത്-ഉൾ-ജിഹാദ് അൽ-ഇസ്ലാമി തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പശ്ചിമബംഗാളിലെ വിവിധ കേന്ദ്രങ്ങളിൽ തീവ്രവാദ ശൃംഖലകൾ ഉണ്ടാക്കുന്നതിലെ നിർണായക കണ്ണിയായിരുന്നു ഇയാൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബംഗാളിൽ നിന്നും ജെഎംബി ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി തീവ്രവാദികളെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് എൻഐഎ പരിശോധന തുടരുകയാണ്. 2016ൽ ധാക്കയിൽ 22 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് പിന്നിൽ ജെഎംബി ആയിരുന്നു. കൊല്ലപ്പെട്ടവരിൽ 17 പേർ വിദേശികളായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജെഎംബി തങ്ങളുടെ പ്രവർത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. 2019ലാണ് ഇത്തരമൊരു വിവരം രഹസ്യാന്വേഷണ ഏജൻസികൾ ആദ്യമായി പുറത്ത് വിടുന്നത്. ഇതിനുപിന്നാലെ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുകയായിരുന്നു.

