Sunday, May 19, 2024
spot_img

ഇൻസ്റ്റഗ്രാം പ്രേമം തലയ്ക്ക് പിടിച്ചു; കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്താൻ ശ്രമിച്ച അജാസ് എന്ന യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ (Boy Arrested) കടത്താൻ ശ്രമിച്ച യുവാവിനെ കുടുക്കി പോലീസ്. സിസിടിവി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് പ്രതിയേയും പെൺകുട്ടിയേയും പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സ്‌കൂൾ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്. ടിക്കറ്റെടുത്ത സമയംവച്ച് കൗണ്ടറിൽ പരിശോധിച്ചപ്പോൾ ഇരുവരും പോയത് കൊല്ലത്തേക്കുള്ള ട്രെയിനിലാണെന്ന് മനസ്സിലായി.

തുടർന്ന് പന്തീരാങ്കാവ് പോലീസ് (Kerala Police) വിവരം അറിയിച്ചതിന്റ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് കൊല്ലത്ത് ട്രെയിൻ പരിശോധിച്ചെങ്കിലും ഇവർ ബുക്ക് ചെയ്ത സീറ്റിൽ കോഴിക്കോടുനിന്ന് ആരും കയറിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായി. തുടർന്ന് നഗരത്തിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും ഒന്നിലും പെൺകുട്ടിയെ കണ്ടെത്താനായില്ല.

അതിനുശേഷമാണ് റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി കൂടി പരിശോധിച്ചത്. ഇതിലൊന്നിൽ പെൺകുട്ടി ഒരാൾക്കൊപ്പം നടന്നുപോകുന്നതിന്റെയും കൗണ്ടറിൽനിന്ന് ടിക്കറ്റെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് പോലീസ് ടിക്കറ്റ് കൗണ്ടറിൽ കൊടുത്ത വിവരങ്ങൾ ശേഖരിച്ചു. ഫോൺ നമ്പരില്ല, അജാസെന്ന് പേരു മാത്രം. ഇതേ പേരുളളവരെ ഫെയ്‌സ്ബുക്കിൽ അന്വേഷിച്ചു. അതിലെ ഫോൺനമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഒരെണ്ണത്തിന്റെ ലൊക്കേഷൻ കൊട്ടാരക്കരയെന്ന് കണ്ടെത്തി. ഇതോടെ ചടയമംഗലം പോലീസ് കൊട്ടാരക്കരയിൽനിന്ന് തിരിച്ചിട്ടുള്ള മൂന്ന് സൂപ്പർഫാസ്റ്റ് ബസുകൾ രാത്രി വഴിയിൽ തടഞ്ഞു നിർത്തി പരിശോധിച്ചു.

ഇതിലൊന്നിൽ നിന്നാണ് കണ്ണൂർ സ്വദേശിയായ അജാസിനെയും പെൺകുട്ടിയേയും കണ്ടെത്തിയത്. പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ ആശയവിനിമയം നടത്തിയതും ഇൻസ്റ്റഗ്രാമിലൂടെ മാത്രമായിരുന്നു. സംഭവത്തിൽ അജാസിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ ആർക്കെങ്കിലും വേണ്ടിയാണോ പെൺകുട്ടിയെ കടത്തിയതെന്നും, യുവാവിന്റെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.

Related Articles

Latest Articles