കോഴിക്കോട് : ജീവിതത്തെ നിഷേധാത്മകമായി സ്വീകരിച്ചവരല്ല ഭാരതീയ ഋഷിമാര്‍ എന്ന് ശ്രീ മാതാ അമൃതാനന്ദമയി മഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദ പുരി. ആചാര്യശ്രീ രാജേഷ് രചിച്ച ‘ഹിന്ദുധര്‍മ രഹസ്യം’ എന്ന പുസ്തകത്തിന്റെ വായനാഘോഷ പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ദിവസവും ആഘോഷമാക്കാനാണ് വേദങ്ങളിലെ ഉപദേശം. ഹൈന്ദവ സമ്പ്രദായങ്ങളുടെയെല്ലാം വേര് വേദങ്ങളിലാണ് എന്ന് വ്യക്തമായി മനസ്സിലാക്കിത്തരുന്ന പുസ്തകമാണ് ഹിന്ദുധര്‍മരഹസ്യമെന്ന് വിവേകാമൃതാനന്ദ പുരി അഭിപ്രായപ്പെട്ടു.
പ്രമുഖ ഗാനരചയിതാവ് രമേശ് കാവിലിന് നല്‍കിക്കൊണ്ടാണ് ബ്രോഷർ പ്രകാശനം ചെയ്തത്. നാം ജീവിക്കുന്ന പരിസരത്തില്‍നിന്നും എങ്ങനെയാണ് ആധ്യാത്മികതയെ ഭംഗിയായി വായിച്ചേടുക്കേണ്ടത് എന്ന ചിന്ത നമുക്ക് പകര്‍ന്നുതരുന്ന ആചാര്യന്മാരെയും വിജ്ഞാനികളെയുമാണ് ഈ കാലത്തിന് ആവശ്യം എന്ന് രമേശ് കാവില്‍ അഭിപ്രായപ്പെട്ടു. കാശ്യപാശ്രമത്തിന്റെ വേദക്ഷേത്രം ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ ആചാര്യപത്‌നി കെ. മീര രാജേഷ് ദീപപ്രോജ്വലനം ചെയ്തു. ഗ്രന്ഥകാരനായ ആചാര്യശ്രീ രാജേഷ് മറുമൊഴി ഭാഷണം നടത്തി. പി. ജയദേവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, കെ. ശശിധരന്‍ വൈദിക് സ്വാഗതവും സ്വര്‍ണലത കെ.സി. കൃതജ്ഞതയും പറഞ്ഞു.

