തിരുവനന്തപുരം: ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദസന്ദേശം പുറത്തുവന്നതിൽ കേസെടുത്ത് അന്വേഷണം നടത്തണമോ എന്നതിൽ എജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും. ശബ്ദം തന്‍റെതെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തിൽ എങ്ങിനെ കേസെടുക്കുമെന്നതിൽ പൊലീസിൽ ആശയക്കുഴപ്പമാണ്. അതേസമയം സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.
സ്വപ്ന സുരേഷിന്‍റെ ശബ്ദസന്ദേശം പുറത്തുവന്നതിൽ അടിമുടി ആശയക്കുഴപ്പവും ദുരൂഹതയും തുടരുകയാണ്. ജയിൽ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതിൽ വെട്ടിലായ ജയിൽവകുപ്പ് പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടു.
പക്ഷെ ശബ്ദം തന്‍റെതെന്ന് സ്വപ്ന സമ്മതിച്ചതോടെ എങ്ങനെ കേസെടുത്ത് അന്വേഷിക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംശയം. കേസെടുത്താലും അത് നിലനിൽക്കുമോ എന്നാണ് ആശയക്കുഴപ്പം. ഈ സാഹചര്യത്തിലാണ് എജിയുടെ നിയമോപദേശം തേടിയത്.

