Sunday, December 14, 2025

സ്വിഫ്റ്റ് ബസിൽ കുത്തേറ്റ സംഭവം; യുവതി അപകടനില തരണം ചെയ്തു, യുവാവ് ഗുരുതരാവസ്ഥയിൽ തന്നെ

മലപ്പുറം: വെന്നിയൂരിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ വെച്ച് കുത്തേറ്റ യുവതി അപകടനില തരണം ചെയ്തു. എന്നാൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്‍റെ നില ഗുരുതരമായി തന്നെ തുടരുകയാണ്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതേസമയം യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം സംഭവത്തിൽ പോലീസ് മൊഴിയെടുക്കും. മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വിഫ്റ്റ് ബസിൽ വെച്ച് വ്യാഴാഴ്ച രാത്രിയാണ് യുവതിക്ക് കുത്തേറ്റത്.

അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ ഗൂഡല്ലൂർ സ്വദേശി സീതക്കാണ് കുത്തേറ്റത്. എടപ്പാളിൽ നിന്ന് ബസിൽ കയറിയ വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് യുവതിയെ കുത്തിയത്. യുവതി ആലുവയിലും യുവാവ് കോട്ടയത്തുമാണ് ജോലി ചെയ്യുന്നത്. യുവതിയുടെ നെഞ്ചിൽ കത്തികൊണ്ട് കുത്തി പ്രതി പിന്നീട് സ്വയം കഴുത്തറുക്കുകയായിരുന്നു. ബസ് ഉടൻ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സീതയും സനിലും സുഹൃത്തുക്കളാണ്. കോയമ്പത്തൂരില്‍ ഇവർ മുൻപ് ഒരുമിച്ച് ജോലി ചെയ്തിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ സനിൽ സീതയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണം. സീത മറ്റൊരാളുമായി സംസാരിക്കുന്നുവെന്ന് പറഞ്ഞ് സനിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു എന്നാണ് സീതയുടെ മൊഴി.

Related Articles

Latest Articles