പാലക്കാട്: ഇസ്ലാമിക രാഷ്ട്രം സ്വപ്നം കാണുന്നവരാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. പൗരത്വ ഭേദഗതി നിയമം പറഞ്ഞ് മതന്യുനപക്ഷങ്ങളുടെ വോട്ട് തട്ടിയെടുക്കാന്‍ ആണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ദേശ രക്ഷാ സമിതി സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.
ചെന്നിത്തല ലോംഗ് മാര്‍ച്ച് നടത്തേണ്ടത് തുവൂര്‍ കിണര്‍ മുതല്‍ തലവെട്ടിച്ചിറ വരെയാവണമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ്, ജനസംഖ്യ നിയന്ത്രണം എന്നിവ കൊണ്ടു വരാതിരിക്കാനായുള്ള പ്രതിഷേധങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഭാരതത്തിലെ ഒരു മുസല്‍മാനേയും സിഎഎ ബാധിക്കില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
എന്‍ടിയു സംസ്ഥാന അധ്യക്ഷന്‍ സദാനന്ദന്‍ മാസ്റ്റര്‍, പ്രൊഫസര്‍ ലതാ നായര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വികെ സോമസുന്ദരം,പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ ശ്രീ കൃഷ്ണദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

