ദില്ലി: ഡിസ്കവറി ചാനലിലെ പ്രശ്സ്ത ഷോ ആയ ‘മാന്‍ വേഴ്സസ് വൈല്‍ഡി’നായി ചെലവിട്ട സമയം 18 വര്‍ഷത്തിനിടെ തന്‍റെ ആദ്യത്തെ അവധിക്കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിയര്‍ ഗ്രില്‍സ് അവതാരകനായ പരിപാടി തിങ്കളാഴ്ച രാത്രി ഇന്ത്യയില്‍ സംപ്രേഷണം ചെയ്തു. ഇതിന്‍റെ ട്രെയിലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷം ഞാന്‍ രാജ്യത്തിന്‍റെ വികസനത്തിനായാണ് സമര്‍പ്പിച്ചത്. ഈ സമയത്തെ അവധിക്കാലമെന്ന് വിളിക്കാമെങ്കില്‍ ഇതെന്‍റെ ജീവിതത്തില്‍ 18 വര്‍ഷത്തിന് ശേഷത്തെ അവധിക്കാലമാണ് -ചാനല്‍ പരിപാടിയില്‍ മോദി പറയുന്നു. ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്നത്തെ സ്വന്തം സ്വപ്നമായാണ് താന്‍ കാണുന്നതെന്നും മോദി പറയുന്നു.
ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷനല്‍ പാര്‍ക്കിലാണ് ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ ചിത്രീകരിച്ചത്. അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം വനത്തിലൂടെ സഞ്ചരിക്കുകയും പുഴയില്‍ വഞ്ചി തുഴയുകയും ചെയ്യുന്ന മോദിയെ പരിപാടിയില്‍ കാണാം. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടി ചിത്രീകരിച്ചത്. അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബാരക്ക് ഒബാമക്ക് ശേഷം ‘മാന്‍ വേഴ്സസ് വൈല്‍ഡില്‍’ പങ്കെടുക്കുന്ന രണ്ടാമത്തെ ലോകനേതാവാണ് മോദി.

