Thursday, May 16, 2024
spot_img

ആര്‍ക്ക് വേണ്ടിയാണ് ചവറ്റുകുട്ടയിലെറിഞ്ഞത്- വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്

തുടർച്ചയായ രണ്ടാം വർഷവും നമ്മുടെ കൊച്ചു കേരളം പ്രളയക്കെടുതിയില്‍ അമരുന്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട്. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട്. 2010 മാര്‍ച്ചില്‍ അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിന് മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ പതിമൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്. എല്ലാം കൊണ്ടും ദൗത്യത്തിന് അനുയോജ്യനായിരുന്നു മാധവ് ഗാഡ്ഗില്‍.

ജൈവവൈവിധ്യങ്ങളെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും ഇത്രയേറെ അവഗാഹവും അറിവും ഉള്ള മറ്റൊരു വ്യക്തി നമ്മുടെ രാജ്യത്ത് തന്നെയില്ലന്നു പറയാം. മേഖലയുടെ പാരിസ്ഥിതിക സ്ഥിതി വിശകലനം ചെയ്യുക,പരിസ്ഥിതി ലോല പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അതിരുകള്‍ നിര്‍ണയിക്കുക തുടങ്ങിയ ചുമതലകളാണ് ഗാഡ്ഗില്‍ സമിതിക്ക് നല്‍കിയിരുന്നത്. 2011 ഓഗസ്ത് 31 നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതി പശ്ചിമഘട്ടസംരക്ഷണത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചത്.റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്പോള്‍ ജയന്തി നടരാജനായിരുന്നു പരിസ്ഥിതി മന്ത്രി. പശ്ചിമഘട്ടമേഖലയെയും അതില്‍ ഉള്‍പ്പെടുന്ന ഓരോ വിഷയങ്ങളെയും കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

ആമുഖമായി വരുന്ന 28 പേജുകളും പാര്‍‍ട്ട് ഒന്നില്‍ ഉള്‍പ്പെടുന്ന 327 പേജുകളും അടക്കം അഞ്ഞൂറിലധികം പേജുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്.വളരെ ജനാധിപത്യപരവും മനുഷ്യത്വപരവുമായ ഈ റിപ്പോര്‍ട്ട് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നല്ല റിപ്പോര്‍ട്ടുകളില്‍ ഒന്നായിരുന്നു. പശ്ചിമഘട്ടവികസനത്തില്‍ ഈ റിപ്പോര്‍ട്ട് ഒരു റോഡ് മാപ്പാക്കണമെന്നായിരുന്നു അന്നത്തെ പരിസ്ഥിതി മന്ത്രി ജയറാം രമേശിന്‍റെ അഭിപ്രായം. ലോകത്തെ ജൈവവൈവിധ്യ ഹോട്ട് സ്പോട്ടുകളില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന പശ്ചിമഘട്ടമേഖലയെ പൂര്‍ണമായും പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാനോ അവിടങ്ങളില്‍ നിന്നും മുഴുവന്‍ ജനങ്ങളെയും കുടിയൊഴിപ്പിക്കണമെന്നോ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. അതിന് പകരം പശ്ചിമഘട്ടത്തെ മൂന്ന് മേഖലകളാക്കി തിരിക്കുകയാണ് ചെയ്തത്. ശാസ്ത്രീയമായ കണക്കെടുപ്പിലൂടെയാണ് മൂന്ന് മേഖലകളാക്കി തിരിച്ചത്.

പശ്ചിമഘട്ടത്തില്‍ അവശേഷിക്കുന്ന പച്ചപ്പെങ്കിലും നിലനിര്‍ത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം വേണം,അവശേഷിക്കുന്ന വനഭൂമി കയ്യേറാന്‍ ഇനി ആരെയും അനുവദിക്കരുത് എന്നിവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. പശ്ചിമഘട്ടമേഖലയിലെ അനധികൃത ഖനനവും കരിങ്കല്‍ ക്വാറികളും അടിയന്തരമായി നിരോധിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും പരിസ്ഥിതി ലോലമേഖലകളില്‍ വന്‍കിട കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതുയര്‍ത്തി ടൂറിസം ബിസിനസ് നടത്തുന്നവര്‍ക്കും ദോഷകരമായ പല നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

പരിസ്ഥിത സൗഹൃദമായ വികസനം പ്രോത്സാഹിപ്പിക്കുക,അശാസ്ത്രീയമായ സമീപനം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ പൊതുനിർദ്ദേശങ്ങൾ. തീര്‍ത്തും വ്യത്യസ്തമായ വികസന പരിപ്രേക്ഷ്യം മുന്നോട്ടുവച്ച റിപ്പോര്‍ട്ട് നടപ്പാക്കാനാകാതെ പോയതിന് കാരണം ഇന്ന് എല്ലാവർക്കും ബോധ്യമുണ്ട്. നിക്ഷിപ്ത താല്‍പര്യക്കാരായ ചൂഷകരും അവരുടെ ഗുണഭോക്താക്കളായ രാഷ്ട്രീയക്കാര്‍ ഈ റിപ്പോര്‍ട്ടിന് തുരങ്കം വച്ചു. വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഖനനമാഫിയയുടെയും മറ്റും സമ്മര്‍ദ്ദം മൂലം ഈ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ പൂഴ്ത്തിവെക്കപ്പെട്ടപ്പോള്‍ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെടുകയായിരുന്നു.

അങ്ങനെയാണ് ഈ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് ലഭിച്ചത്.മാധവ് ഗാഡ്ഗില്‍ നൽകിയ മുന്നറിയിപ്പുകൾ അക്ഷരം പ്രതി ശരിയാണെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു.ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതല്‍ എളുപ്പമാകുമായിരുന്നു. കേരളം അനുഭവിക്കുന്ന മഴക്കെടുതി മനുഷ്യനിര്‍മിത ദുരന്തമാണെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിർദ്ദേശങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നു. മണ്ണിനെയും മലകളെയും ജലശയങ്ങളെയും നദികളെയുമൊക്കെ സ്വാർഥ ലാഭത്തിനായി ദുരുപയോഗം ചെയ്തതാണ് തുടർച്ചയായ പ്രകൃതി ദുരന്തത്തിന് കാരണം.

ഈ വലിയ ദുരന്തം തടയാനുള്ള ഉപദേശവും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ൽ ഉണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കണമെന്നും ഗാഡ്ഗില്‍ ആവശ്യപെടുന്നു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാൻ നമ്മുടെ രാഷ്ട്രീയ ഭരണ നേതൃത്വം തയ്യാറായില്ല. കേരളത്തിന്‍റെ വൈദ്യുതി വികസനത്തെ ഗുരുതരമായി ബാധിക്കുന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയെന്ന് പറഞ്ഞത് വൈദ്യുത മന്ത്രിയായിരുന്ന എ കെ ബാലനാണ്. നിലവിലുള്ള നിയമങ്ങള്‍ കൊണ്ട് തന്നെ പശ്ചിമഘട്ടം പരിപാലിക്കപ്പെടുന്നുണ്ടെന്നും അതിനാല്‍ തന്നെ പാനലിന്‍റെ നിര്‍ദ്ദേശാനുസരണം പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നുമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.വി എസ് അച്യുതാനന്ദന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായിരുന്നു.

എന്നാൽ ബി ജെ പി ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് ആവശ്യമില്ലെന്ന് പറഞ്ഞ് രംഗത്തുണ്ടായിരുന്നു. റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാനും സംശയങ്ങള്‍ മാറ്റാനും സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കുന്നില്ലെന്നാണ് ഗാഡ്ഗിലിന്‍റെ പ്രതികരണം.ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള്ള പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ സജീവമാണെങ്കിലും ഇടതുപക്ഷ നേതാക്കള്‍ പരിസ്ഥിതി വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഗാഡ്ഗില്‍ പറയുന്നു. പശ്ചിമഘട്ടമേഖലയുടെ സംരക്ഷണത്തെ ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ് വിവാദത്തിലാക്കുന്പോള്‍ നാം ചെയ്യുന്നത് വരും തലമുറയോടുള്ള വലിയ പാതകമാണ്.

പരിസ്ഥിതിക്ക് അനുയോജ്യമായി പ്രകൃതിയെ മുറിപ്പെടുത്താതെ വികസനം നടപ്പാക്കാന്‍ നമുക്ക് സാധിക്കണമെന്ന് മാധവ് ഗാഡ്ഗില്‍ പറയുന്പോള്‍ അത് കേള്‍ക്കാനുള്ള മനസ്സ് നമുക്ക് ഉണ്ടാകണം. ഒരു തലമുറയ്ക്ക് മാത്രം ജീവിച്ചുപോകാനുള്ളതല്ല ഇവിടം. എത്രയോ തലമുറകള്‍ക്ക് ജീവിക്കാനുള്ളതാണ്. ഓരോ കാലഘട്ടത്തിലും ജീവിക്കുന്നവര്‍ അതാത് സമയത്ത് പ്രകൃതിയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. അല്‍പമായ ലാഭത്തിനും സ്വാര്‍ത്ഥതയ്ക്കും വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ നിങ്ങളുടെ വരും തലമുറയ്ക്ക് സമ്മാനിക്കുന്നത് മരുഭൂമിയാണ്. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവരുടെ ലക്ഷ്യം കേരളത്തെ ചെകുത്താന്മാരുടെ നാടാക്കി മാറ്റുകയെന്നതാണ്.

പൊതുഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ ചെലവാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലെറിയുന്നത് ആര്‍ക്ക് വേണ്ടിയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന നിര്‍ദ്ദേശങ്ങളെ കുറിച്ച് പഠിക്കുന്നതിനും പ്രതികരിക്കുന്നതിനും യുവതലമുറ തയ്യാറാകണം. കാരണം ഈ റിപ്പോര്‍ട്ട് നാളേക്ക് വേണ്ടിയാണ്. ശുദ്ധവായു ശ്വസിച്ച് ശുദ്ധജലം കുടിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് വേണ്ടി. റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കയ്യേറ്റവും അതിരുകടന്ന പ്രകൃതി ചൂഷണവും അവസാനിപ്പിച്ചില്ലെങ്കില്‍ ഇതിലും ഭീകരമായ ദുരന്തങ്ങളാകും കേരളം നേരിടേണ്ടി വരിക.

Related Articles

Latest Articles