കാബൂൾ: തന്ത്രപ്രധാനമായ ബാഗ്രാം വ്യോമതാവളം അമേരിക്കക്ക് തിരികെ നൽകണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പിന്റെ ആവശ്യത്തിന് മറുപടിയുമായി അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അഫ്‌ഗാനിസ്ഥാന്റെ മണ്ണ് ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അമേരിക്കൻ സൈന്യം ഉപേക്ഷിച്ചുപോയ അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും വലിയ വ്യോമതാവളമായ ബാഗ്രാം എയർ ബേസ് തിരികെ നൽകിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രമ്പ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാൻ സർക്കാരിന്റെ പ്രതികരണം.
ചില ആളുകൾ ബാഗ്രാം വ്യോമതാവളം തിരികെ ലഭിക്കുന്നതിനായി രാഷ്ട്രീയപരമായ ചർച്ചകൾ ആരംഭിച്ചതായി പറയുന്നുണ്ട്. എന്നാൽ അഫ്‌ഗാനിസ്ഥാന്റെ മണ്ണ് ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ ഒരു കരാറും സാധ്യമല്ല. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല,” അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ചീഫ് ഓഫ് സ്റ്റാഫ് ഫസിഹുദ്ദീൻ ഫിത്റത്ത് പ്രാദേശിക മാദ്ധ്യമങ്ങളോട് പറഞ്ഞു. അഫ്‌ഗാനിസ്ഥാന്റെ സ്വാതന്ത്ര്യത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും പരമപ്രധാനമായ പ്രാധാന്യമുണ്ടെന്ന് അഫ്ഗാൻ ഭരണകൂടം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ചൈനയുമായുള്ള തന്ത്രപ്രധാനമായ സ്ഥാനത്താണ് ബാഗ്രാം വ്യോമതാവളം എന്നതിനാൽ ട്രമ്പ് നേരത്തെയും ഇതിനെക്കുറിച്ച് പരാമർശിച്ചിരുന്നു. എന്നാൽ ബ്രിട്ടൻ സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം ഈ വിഷയം പരസ്യമായി ഉന്നയിച്ചത്. വ്യോമതാവളം തിരിച്ചുപിടിക്കുന്നതിനായി അമേരിക്കൻ സൈന്യത്തെ അയക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാനില്ല, പക്ഷേ ഞങ്ങൾ അഫ്ഗാനിസ്ഥാനുമായി സംസാരിക്കുന്നുണ്ട്. അത് എത്രയും പെട്ടെന്ന് തിരികെ കിട്ടണം. അല്ലാത്തപക്ഷം ഞാൻ എന്ത് ചെയ്യുമെന്ന് നിങ്ങൾ പിന്നീട് അറിയും” എന്നായിരുന്നു ട്രമ്പിന്റെ മറുപടി.
കാബൂളിന് വടക്കായി സ്ഥിതിചെയ്യുന്ന ബാഗ്രാം, അഫ്ഗാനിസ്ഥാനിലെ 20 വർഷം നീണ്ട അമേരിക്കൻ സൈനിക പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. 1950-കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ നിർമ്മിച്ച ഈ വ്യോമതാവളം, പിന്നീട് ശീതയുദ്ധകാലത്ത് അമേരിക്കൻ സഹായത്തോടെ വികസിപ്പിച്ചു. സോവിയറ്റ് യൂണിയൻ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയപ്പോഴും അവർ ഇതിനെ കൂടുതൽ മെച്ചപ്പെടുത്തി. അമേരിക്കൻ നിയന്ത്രണത്തിലായിരുന്ന 2010 കാലഘട്ടത്തിൽ ഇത് ഒരു ചെറിയ പട്ടണത്തിന്റെ വലുപ്പത്തിലേക്ക് വളർന്നിരുന്നു. സൂപ്പർമാർക്കറ്റുകളും ഡയറി ക്വീൻ, ബർഗർ കിംഗ് തുടങ്ങിയ കടകളും ഇവിടെ പ്രവർത്തിച്ചിരുന്നു. ബരാക് ഒബാമ, ഡോണാൾഡ് ട്രമ്പ് തുടങ്ങിയ യുഎസ് പ്രസിഡന്റുമാർ ഈ താവളം സന്ദർശിച്ചിട്ടുണ്ട്. 2021 ജൂലൈയിൽ ജോ ബൈഡന്റെ ഭരണകാലത്താണ് ബാഗ്രാം വ്യോമതാവളത്തിൽ നിന്ന് അമേരിക്കൻ , നാറ്റോ സേനകൾ പിൻവാങ്ങിയത്. ഈ പിന്മാറ്റം അഫ്ഗാൻ സൈന്യത്തിന്റെ തകർച്ചയ്ക്കും താലിബാന്റെ തിരിച്ചുവരവിനും കാരണമായി.

