കാലിഫോര്‍ണിയ: താലിബാന്‍ ഉപയോഗിച്ചുവരുന്ന അക്കൗണ്ടുകള്‍ വാട്‌സാപ്പ് (whatsapp) ബ്ലോക്ക് ചെയ്തു. വാട്‌സാപ്പിന്റെ ഡേയ്ഞ്ചറസ് ഓര്‍ഗനൈസേഷന്‍ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം. താലിബാന്‍റെ മറ്റ് ഔദ്യോഗിക അക്കൗണ്ടായി നിലകൊള്ളുന്ന അക്കൗണ്ടുകള്‍ വാട്‌സാപ്പ് നിരോധിക്കും.
താലിബാന്‍ അവരുടെ ഭരണാവശ്യങ്ങള്‍ക്കായി തങ്ങളുടെ സേവനം ഉപയോഗിക്കുന്നത് വിലക്കാനാണ് വാട്‌സാപ്പിന്റെ തീരുമാനം. അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സംഘടനയായതിനാലാണ് ബ്ലോക്ക് ചെയ്യാന്‍ വാട്‌സാപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി അക്രമവും കൊള്ളയും സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനായി താലിബാന്‍ സ്ഥാപിച്ച ഒരു വാട്ട്സ്ആപ്പ് ഹോട്ട്ലൈന്‍ ഫേസ്ബുക്ക് നീക്കം ചെയ്തു.
അതേസമയം വാട്‌സാപ്പിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്ന് കയറ്റമാണെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവര്‍ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് താലിബാന്‍ വക്താവ് പറഞ്ഞു.

