Monday, June 17, 2024
spot_img

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ! സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ തെലങ്കാന കോൺഗ്രസിൽ പൊട്ടിത്തെറി !പിസിസി അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ കോലം കത്തിച്ചു; പാർട്ടി ആസ്ഥാനം പൂട്ടിയിട്ട് നേതൃത്വം

ഹൈദരാബാദ് : തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനായി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ തെലങ്കാന കോൺഗ്രസിൽ പൊട്ടിത്തെറി. റെഡ്ഡി സമുദായത്തിന് പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള പട്ടികയിലെ 55 പേരിൽ 17 പേരും റെഡ്ഡി സമുദായത്തിൽപ്പെട്ടവരാണ്. എന്നാൽ പട്ടികയിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ച നേതാക്കൾക്ക് അത് ലഭിക്കാതെ വന്നതോടെ പിസിസി അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ കോലം കത്തിക്കൽ വരെ ​ഗാന്ധിഭവനിലെ പാർട്ടി ആസ്ഥാനത്തിൽ നടന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ പാർട്ടി ആസ്ഥാനം നേതൃത്വം പൂട്ടിയിട്ടു.

തെലങ്കാന പി.സി.സി വെെസ് പ്രസിഡന്റ് മല്ലു രവിയുടെ വാർത്താസമ്മേളനം തടസ്സപ്പെടുത്തുന്നതിനായി ഒരു സംഘം ഗാന്ധിഭവനിലേക്ക് ഇരച്ചുകയറുകയറിയതോടെ അദ്ദേഹത്തിന് വാർത്താസമ്മേളനം പൂർത്തിയാക്കാൻ സാധിക്കാതെ മടങ്ങേണ്ടി വന്നത് പാർട്ടി നേതൃത്വത്തിന് നാണക്കേടായി.

തന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയായ എം പരമേശ്വർ റെഡ്ഡി ഉപ്പലിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചതോടെ ഉപ്പലിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച റാഗിഡി ലക്ഷ്മ റെഡ്ഡി അത് നിഷേധിക്കപ്പെട്ടതോടെ പൊട്ടിത്തെറിച്ചു. “രേവന്ത് റെഡ്ഡിയെ ഞാൻ ഭയക്കുന്നില്ല. പാർട്ടി തളർന്നപ്പോഴും പുറത്തായപ്പോഴും ഇവിടെ പാർട്ടി കെട്ടിപ്പടുത്തു. നിങ്ങൾ പിസിസി തലവനായതിനാൽ ബഹുമാനം നൽകി. പക്ഷേ നിങ്ങൾ എന്നെ പുറത്താക്കിയത് പുറത്തുനിന്നുള്ള പുതുമുഖത്തിന് വേണ്ടിയാണ്” അദ്ദേഹം രോഷമടക്കാനാവാതെ പറഞ്ഞു.

“രേവന്ത് ഹഠാവോ, കോൺഗ്രസ് ബച്ചാവോ” എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തുടനീളം പ്രചാരണം ആരംഭിക്കുമെന്ന് സ്ഥാനാർഥിത്വം പ്രതീക്ഷിച്ച സോമശേഖർ റെഡ്ഡി പറഞ്ഞു. രേവന്ത് റെഡ്ഡിയെ എതിർക്കുന്നവർ തന്നോടൊപ്പം ചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മറ്റ് നിരവധി പ്രദേശങ്ങളിലും സ്ഥാനാർഥി പട്ടികയെച്ചൊല്ലി തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്.

മറ്റ് പാർട്ടികളിൽ നിന്ന് അടുത്തിടെ കോൺഗ്രസിലേക്ക് മറുകണ്ടം ചാടിയെത്തിയ 12 പേരുടെ സ്ഥാനാർത്ഥിത്വമാണ് പാർട്ടിക്കുള്ളിൽ കലഹത്തിന് വഴിവച്ചത്. മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ കാണാൻ പോയത് കോൺ​ഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെടി രാമറാവു അദ്ദേഹത്തിന്റെ വീട്ടിലെത്തി കെസിആറിനെ കണ്ട് പാർട്ടിയിൽ ചേരാൻ ക്ഷണിച്ചിരുന്നു.

Related Articles

Latest Articles