Tuesday, January 6, 2026

ബി ആർ എസ്സുമായി ധാരണയോ സഖ്യമോ ഇല്ല ! തെലങ്കാനയിൽ ഭരണപക്ഷത്തെ നിലംപരിശാക്കി ഭരണം പിടിക്കുക ലക്‌ഷ്യമെന്ന് ജെ പി നദ്ദ; പുതിയ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിൽ മറ്റൊരങ്കത്തിന് തയ്യാറെടുത്ത് ബിജെപി

ദില്ലി: തെലങ്കാന ഭരണകക്ഷിയായ ബി ആർ എസ്സുമായി ബിജെപി സഖ്യമുണ്ടാക്കുമെന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഇത്തരം പ്രചരണങ്ങൾ ബി ആർ എസ് പരാജയ ഭയത്താൽ സൃഷ്ടിക്കുന്നതാണെന്നും തെലങ്കാനയിൽ ബിജെപിയുടെ ലക്‌ഷ്യം ഭരണപക്ഷത്തെ നിലംപരിശാക്കി സംസ്ഥാനത്ത് ഭരണം പിടിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയിൽ നടപ്പിലാക്കിയ നേതൃമാറ്റം പാർട്ടിക്ക് ഗുണകരമാകുമെന്നും ഭരണപക്ഷത്തിന്റെ അഴിമതികളും കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങളും ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനും നദ്ദ പാർട്ടി നേതാക്കളോട് ആഹ്വാനം ചെയ്‌തു. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ് ജെ പി നദ്ദ ഇക്കാര്യം പറഞ്ഞത്. പറ്റ്നയിൽ നടന്ന വിശാല പ്രതിപക്ഷ മുന്നണി യോഗത്തിൽ ബി ആർ എസിന്റെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു. അതിനെ തുടർന്നാണ് ബി ആർ എസ് ബിജെപിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന വാർത്ത പരന്നത്‌.

തെലങ്കാനയിൽ ബിജെപി ശക്തമായ പോരാട്ടം നടത്തും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ശേഷം മുഴുവൻ കേന്ദ്ര മന്ത്രിമാരെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയോഗിക്കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിക്കാൻ സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകിയതായും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ജനസമ്പർക്കമടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ദേശീയ അദ്ധ്യക്ഷൻ പിന്നീട് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങളുടെ ചുമതല പരിചയ സമ്പന്നരായ
നേതാക്കളെ ഏൽപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായി തെലങ്കാനയിലും ബിജെപി സംസ്ഥാന ഘടകത്തിൽ നേതൃമാറ്റം നടത്തിയിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് തെലങ്കാന. 119 അംഗ നിയമസഭയിൽ പാർട്ടിക്ക് നിലവിൽ 02 അംഗങ്ങൾ മാത്രേയുള്ളുവെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ വലിയ മാറ്റം കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ബിജെപി വരുത്തിയിട്ടുണ്ട്. കോൺഗ്രസിൽ നിന്നടക്കം നിരവധി നേതാക്കൾ ബിജെപിയിലേക്കെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനെതിരെ ജനവികാരവും ശക്തമാണ്. നിലവിൽ ശക്തമായ പ്രതിപക്ഷമായി ബിജെപി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ത്രിപുരയിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും മാതൃകയിൽ വലിയ തെരഞ്ഞെടുപ്പ് മുന്നേറ്റമുണ്ടാക്കാം എന്ന് ബിജെപി കണക്കുകൂട്ടുന്ന സംസ്ഥാനമാണ് തെലങ്കാന. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ വൻ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Related Articles

Latest Articles