Tuesday, November 3, 2026

ശ്വാസതടസ്സം! സോണിയ ഗാന്ധിയെ ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; ആരോഗ്യനില തൃപ്തികരം

ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയാണ് അവരെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ദില്ലിയിൽ നിലനിൽക്കുന്ന കഠിനമായ തണുപ്പും വായുമലിനീകരണവും മൂലം സോണിയാ ഗാന്ധിയുടെ ശ്വാസകോശ സംബന്ധമായ അസുഖത്തിൽ നേരിയ വർദ്ധനവുണ്ടായതായി മെഡിക്കൽ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിലാണ് അവരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി ചെയർമാൻ അജയ് സ്വരൂപിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം അവരുടെ ആരോഗ്യസ്ഥിതി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

നിലവിൽ ആന്റിബയോട്ടിക്കുകളും മറ്റ് അനുബന്ധ മരുന്നുകളും നൽകുന്നുണ്ടെന്നും ആരോഗ്യ പാരാമീറ്ററുകൾ സാധാരണ നിലയിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. വിട്ടുമാറാത്ത ചുമയും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളും അലട്ടുന്ന സോണിയാ ഗാന്ധി, ദില്ലിയിലെ വായൂമലിനീകരണം വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ നേരത്തെയും സമാനമായ രീതിയിൽ ചികിത്സ തേടിയിട്ടുണ്ട്.

കഴിഞ്ഞ ജൂണിലും ഹിമാചൽ പ്രദേശ് സന്ദർശനത്തിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടുത്ത കാലത്തായി പാർട്ടി പരിപാടികളിലും പാർലമെന്ററി കാര്യങ്ങളിലും അവർ സജീവമായി ഇടപെട്ടു വരികയായിരുന്നു. സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും കരുതൽ നടപടിയുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Related Articles

Latest Articles