ഇസ്രായേലി ചാര സംഘടന വാട്സാപ്പ് ഹാക്ക് ചെയ്ത് വിവരം ചോർത്തിയ വാർത്തയാണ് ഇപ്പോൾ സൈബർലോകത്തെ പ്രധാന ചർച്ചാവിഷയം. ഉപയോക്താവിന്റെ അറിവും സമ്മാതാവുമില്ലാതെ വിവരങ്ങൾ ചോരുന്ന വാട്സാപ്പ് എത്രത്തോളം സുരക്ഷിതമാണെന്നാണ് പലരും ചോദിക്കുന്ന ചോദ്യം.
അതിനിടെയാണ് ടെലഗ്രാം സ്ഥാപകൻ പവേൽ ദുരോവ് വാട്സാപ്പിനെതിരെ രംഗത്തുവന്നത്.
വാട്സാപ്പിന് ഒരിക്കലും സുരക്ഷിതമാകാൻ സാധിക്കില്ല എന്നാണ് ദുരോവിന്റെ അഭിപ്രായം. അടിക്കടി സുരക്ഷാ വീഴ്ച്ചകൾ ഉണ്ടാകുമ്പോഴും അവ പരിഹരിച്ചതായും അവർത്തിക്കില്ലെന്നും വാട്സാപ്പ് പറയുന്നതല്ലാതെ ഒരു പുരോഗതിയുമുണ്ടാകുന്നില്ല. ഇക്കാര്യത്തിൽ ടെലഗ്രാം വളരെ സുരക്ഷിതമാണെന്നും സുരക്ഷാ വീഴ്ച അസാധ്യമാണെന്നുമാണ് ദുരോവ് പറഞ്ഞത്.
തങ്ങളുടെ സുരക്ഷയെപ്പറ്റി പഠിക്കാൻ വാട്സാപ്പ് ആരെയും സഹായിക്കുന്നില്ല. വാട്സാപ്പും മാതൃകമ്പനിയായ ഫേസ്ബുക്കും ഇത്തരം പഠനങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നാണ് ദുരോവിന്റെ വാദം. സുരക്ഷാ വീഴ്ച ക്രിമിനലുകളെ വളർത്തും, സർക്കാരുകൾക്കെതിരെ പ്രവർത്തിക്കാനും തീവ്രവാദം നടത്താനും കാരണമാകും. എന്നും ദുരോവ് കൂട്ടിച്ചേർത്തു.
സൈബർലോകത്ത് വാട്സാപ്പിന്റെ പ്രധാന എതിരാളികളാണ് ടെലഗ്രാം. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് വാട്സാപ്പ് ആണെങ്കിലും ഏറ്റവുമധികം സൗകര്യങ്ങൾ നൽകുന്നത് ടെലഗ്രാം ആണ്. അതുകൊണ്ടുതന്നെ വാട്സാപ്പിലെ സുരക്ഷാ വീഴ്ചകളും ടെലഗ്രാം സ്ഥാപകന്റെ വിമർശനങ്ങളും സൈബർലോകത്ത് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

