ഹൈദരാബാദ്: ഹൈദരാബാദിൽ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലു പേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സൈബരാബാദ് പോലീസ്. ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനർമാരായ ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു എന്നിവരെയാണ് തെലുങ്കാന പൊലീസ് കൊല്ലപ്പെടുത്തിയത്. ഹൈദരാബാദിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
റിമാൻഡിലായിരുന്ന പ്രതികൾ തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പോലീസ് വെടിവെക്കുകയും കൊല്ലപ്പെടുകയും ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
പ്രതികളെ കസ്റ്റഡിയിൽവെച്ച പൊലീസ് സ്റ്റേഷനു മുന്നിൽ പൊതുജനങ്ങളുടെ പ്രതിഷേധമിരമ്പിയിരുന്നു. പ്രതികൾക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളുമടങ്ങുന്ന വൻ ജനക്കൂട്ടമാണ് ഷാദ്നഗർ പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ സംഘടിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് തീകൊളുത്തിയത്.

