ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് നടത്തുന്ന പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളില്‍ കുട്ടികള്‍ക്ക് കൂട്ടത്തോല്‍വി. പരീക്ഷയില്‍ പരാജയപ്പെട്ട 19 കുട്ടികള്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതോടെ സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുകയാണ് സംസ്ഥാനത്ത്. ബോര്‍ഡ് നല്‍കുന്ന ഔദ്യോഗിക വിവരമനുസരിച്ച് പരീക്ഷയ്ക്കിരുന്ന 9.74 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 3.28 ലക്ഷം പേരും ഫലം വന്നപ്പോള്‍ പരാജയപ്പെട്ടു. ഇതാണ് കുട്ടികളുടെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്.
വിഷയത്തില്‍ ഇടപെട്ട തെലങ്കാന ഹൈക്കോടതി തോറ്റ കുട്ടികളുടെ ഉത്തരപേപ്പറുകള്‍ അടിയന്തരമായി പുനപരിശോധിക്കാന്‍ ഉത്തരവിട്ടുണ്ട്. ഉത്തര പേപ്പറുകള്‍ പുന പരിശോധിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി-മാര്‍ച്ച മാസങ്ങളിലായാണ് സംസ്ഥാനത്തെ ഇന്‍റര്‍മീഡിയറ്റ് പരീക്ഷ നടന്നത്. പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഒന്നാം വര്‍ഷം പരീക്ഷകള്‍ക്ക് മികച്ച മാര്‍ക്ക് വാങ്ങിയ പല കുട്ടികളും രണ്ടാം വര്‍ഷ പരീക്ഷയില്‍ ദയനീയമായാണ് പരാജയപ്പെട്ടത്. പല മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ക്കും ഫലം വന്നപ്പോള്‍ പൂജ്യം മാര്‍ക്കാണ് ലഭിച്ചത്. ഒരു പാട് കുട്ടികള്‍ പരീക്ഷയ്ക്ക് ഹാജരായിരുന്നില്ലെന്നും ഫലത്തില്‍ കാണിക്കുന്നു.ഫലപ്രഖ്യാപനത്തില്‍ ക്ഷുഭിതരായ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ഹൈദാരാബാദിലെ തെലങ്കാന ബോര്‍ഡ് എക്സാം ആസ്ഥാനത്തിന് മുന്‍പില്‍ ശക്തമായി പ്രതിഷേധിക്കുകയാണ്.

