ഭീകരവാദത്തിനെതിരായ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഭാരതത്തിന്റെ നാരീശക്തിയെ വെല്ലുവിളിച്ച പാക് ഭീകരർ സ്വയം നാശം വിളിച്ചുവരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റാണി അഹല്യബായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന മഹിളാ സശക്തീകരണ മഹാസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പഹൽഗാമിൽ, ഭീകരർ രക്തം ചൊരിയുക മാത്രമല്ല ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കുകയാണ് ചെയ്തത്. അവർ രാജ്യത്തെ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുകയും നാരീശക്തിയെ വെല്ലുവിളിക്കുകയും ചെയ്തു. ഇത് ഭീകരർക്കും അവരുടെ സ്പോൺസർമാർക്കും നാശത്തിന് കാരണമായി മാറി. ഇന്ത്യൻ സായുധ സേന ഭീകര താവളങ്ങളെ തകർത്തെറിഞ്ഞു. നൂറുകണക്കിന് കിലോമീറ്ററുകൾ പാക് മണ്ണിലേക്ക് കടന്നുകയറിയാണ് ഭീകര ക്യാമ്പുകൾ നശിപ്പിച്ചത്. ഭീകരവാദത്തിനെതിരായ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ഓപ്പറേഷൻ സിന്ദൂർ. ഭാരതം വീണ്ടും ആക്രമിക്കപ്പെട്ടാൽ ഭീകരരും അവരുടെ സ്പോൺസർമാരും ഭാവിയിൽ വലിയ വില നൽകേണ്ടി വരും. ഭീകരവാദം വഴിയുള്ള നിഴൽയുദ്ധം ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് ഓപ്പറേഷൻ സിന്ദൂർ വ്യക്തമാക്കി കഴിഞ്ഞു. ഭീകരരെ സഹായിക്കുന്ന ആർക്കും അതിന് വലിയ വില നൽകേണ്ടി വരും.
പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ പെൺകരുത്തിന് ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ ബിഎസ്എഫിന്റെ പെൺകരുത്ത് ഇന്ത്യൻ അതിർത്തികൾ സംരക്ഷിക്കുകയും ശക്തമായ തിരിച്ചടി നൽകുകയും ചെയ്തു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് 17 വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ ബിരുദദാനം ഒരു ചരിത്ര നിമിഷമാണ്.”- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

