Sunday, September 20, 2026

സംശയരോഗം ! ഭാര്യയെ അറവുശാലയിൽ കൊണ്ട് പോയി കഴുത്തറുത്ത് കൊന്നു! പ്രതി നജ്ബുദ്ദീന് വധശിക്ഷ വിധിച്ച് കോടതി

സംശയരോഗത്തെ തുടർന്ന് ഭാര്യയെ സ്വന്തം അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി. ആദ്യ ഭാര്യ നരിക്കുനി കുട്ടമ്പൂർ സ്വദേശി റഹീനയെ (30) കൊലപ്പെടുത്തിയ കേസിൽ പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീനെയാണ് (ബാബു-44) ശിക്ഷിച്ചത്. മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി എ.വി.ടെല്ലസിന്റേതാണ് വിധി പ്രസ്താവന. 2017 ജൂലായ് 23-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.

കൊലപാതകത്തിന് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മൃതദേഹത്തിൽനിന്ന് ആഭരണങ്ങൾ കവർന്നതിന് അഞ്ച് വർഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധികതടവും അനുഭവിക്കണം. പിഴസംഖ്യ റഹീനയുടെ മാതാവ് സുബൈദയ്ക്കു നൽകണം.

ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്‌ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. പിണക്കം മാറിയതിനെത്തുടർന്ന് റഹീനയെ നജ്ബുദ്ദീൻ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് മാറ്റി. നജ്ബുദ്ദീൻ കാളികാവിൽനിന്നു വേറെ വിവാഹവും കഴിച്ചു. രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലാണ് താമസിപ്പിച്ചിരുന്നത്.

ഇതിനിടെ റഹീനയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച നജ്ബുദ്ദീൻ ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.2017 ജൂലായ് 23-ന് പുലർച്ചെ റഹീനയെ നജ്ബുദ്ദീൻ തന്റെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി അഞ്ചപ്പുര ബീച്ച് റോഡിലെ ഇറച്ചിക്കടയിൽ കൊണ്ടുപോയി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. റഹീന ധരിച്ചിരുന്ന 36.43 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും മൃതദേഹത്തിൽനിന്ന് പ്രതി കവർന്നു. കശാപ്പുശാലയിൽനിന്ന് കടയിലേക്ക് മാംസം കൊണ്ടു പോകാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. സംഭവത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലായത്.

Related Articles

Latest Articles