കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കെ എസ് യു പ്രവര്‍ത്തകനെ ആക്രമിച്ച് സിപിഎം പ്രവർത്തകർ. മുഖ്യമന്ത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് തളിപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് കെ എസ് യു പ്രവര്‍ത്തകന്‍ പ്രതിഷേധിച്ചത്.
മുഖ്യമന്ത്രി കടന്നുപോകുന്നതിനിടെ കെ എസ് യു പ്രവര്‍ത്തകന്‍ കറുത്ത ബാഗ് ഉയര്‍ത്തിക്കാട്ടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഇയാളെ ആക്രമിച്ചതിന് ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പൊലീസ് നോക്കിനില്‍ക്കെ മര്‍ദിച്ചശേഷമായിരുന്നു കൈമാറിയത്. കെഎസ്‌യുക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദിച്ച സിപിഎം പ്രവർത്തകെക്കെതിരെ കേസ് ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ല.
മുഖ്യമന്ത്രി പോകുന്ന വഴികളില്‍ പ്രതിഷേധമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. യുവമോര്‍ച്ച പ്രവര്‍ത്തകരടക്കം പ്രതിഷേധിക്കാനിടയുണ്ടെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ വലിയ രീതിയിലെ അനിഷ്ടസംഭവങ്ങളുണ്ടാകാതെ മുഖ്യമന്ത്രി തളിപ്പറമ്പില്‍ എത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കണ്ണൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി എഴുന്നൂറിലധികം പൊലീസുകാരെയാണ് നിയോഗിച്ചത്. ജില്ലയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.
തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിനോ വസ്ത്രത്തിനോ വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്ത് പിണറായിയിലെ വീട്ടില്‍ താമസിക്കാതെ മുഖ്യമന്ത്രി ഇന്നലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചത്.

